കൊച്ചി : ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.Death of Lady at Kalamassery is murder.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിന് കൊലപാതകമാണോ എന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരിക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റില്‍ ഇന്നലെ വൈകിട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജെയ്സിയുടെ മകള്‍ കാനഡയിലാണ്. അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ജെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഫ്ളാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.