എടത്വ: വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യ(34) ആണ് തൂങ്ങിമരിച്ചത്.
സംഭവം ശനിയാഴ്ച വൈകിട്ടാണ് നടക്കുന്നത് . വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയില്‍ വിദേശത്തേക്കു പോകാനുള്ള തയാറെടുപൂക്കൾ നടക്കുകയായിരുന്നു. വീസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം കോട്ടയം പാലായിലെ ഏജൻസിക്കു നല്‍കിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതില്‍ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
അതേസമയം ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു.
. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവ് അരുണിനോട് വിവരങ്ങള്‍ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുണ്‍ വീടിനുള്ളില്‍ കയറി വാതില്‍ പൂട്ടിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം പൊലീസും നാട്ടുകാരും ചേർന്ന് വാതില്‍ തകർത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഴ് വർഷം മുൻപു വിവാഹിതരായ ഇവർക്കു മക്കളില്ല.
പാലായിലെ ഏജൻസി ശരണ്യയെ ഇടനില നിർത്തി തലവടി സ്വദേശികളായ പലരുടെയും കയ്യില്‍നിന്നു വീസ വാഗ്ദാനം ചെയ്തു പണം വാങ്ങിയതായും സൂചനയുണ്ട്. ഇവർ തിരികെ പണം ആവശ്യപ്പെട്ട് ശരണ്യയെ സമീപിച്ചിരുന്നതായും പറയുന്നു. ഏജൻസിയെക്കുറിച്ച് എടത്വ എസ്‌ഐ എൻ. രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)