പത്തനംതിട്ട: നവ കേരള സദസ്സിന് പണം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവല്ല നഗരസഭാ ഭരണസമിതിക്കും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും ഡിസിസി നിർദ്ദേശം നൽകി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് തദ്ദേശ സ്ഥാപനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പണം നൽകാനുള്ള തീരുമാനം തീരുമാനം പാർട്ടി അച്ചടക്ക ലംഘനമെന്ന് ഭരണസമിതികളെ ഡിസിസി പ്രസിഡന്റ് അറിയിച്ചു.
DCC asks Thiruvalla, Konni local bodies to reconsider decision to pay Vakerala Sadas
നഗരസഭാ കൗൺസിലും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും ഉടൻ വിളിച്ചു ചേർക്കാൻ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരുവല്ല നഗരസഭയിലും കോന്നി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് പുനഃപരിശോധന തീരുമാനത്തിന് തിരിച്ചടിയാകും.
നവ കേരള സദസ്സിന് തിരുവല്ല നഗരസഭ ആദ്യഘട്ടമായി അമ്പതിനായിരം രൂപ നൽകിയിട്ടുണ്ട്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗമാണ് പണം നൽകാൻ തീരുമാനിച്ചത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സിന് പണം അനുവദിക്കരുതെന്നാണ് കെപിസിസി നിർദ്ദേശം.
തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകരേള സദസ്സിന് പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തും പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ നവകേരള സദസ്സിന് അരലക്ഷം രൂപ അനുവദിച്ചത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ചിരുന്നു.