കളമശ്ശേരി: സംഗീതനിശ നടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ എത്തിയതും തിരക്ക് നിയന്ത്രിക്കാൻ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയിറ്റ് മാത്രമേ ഉള്ളൂ എന്നതും അപകടത്തിന്റെ തീവ്രത കൂടാൻ കാരണമായെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. cusat stampede 64 injured
പെട്ടൊന്നൊരു അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള വഴി ഓഡിറ്റോറിയത്തിൽ ഇല്ലായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. ഇതാണ് ഇത്ര വലിയ അപകടത്തിലേക്ക് നയിച്ചത്. നാട്ടുകാരും പൊതുപ്രവർത്തകരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. ഓഡിറ്റോറിയത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ആളുകളാണ് ഉണ്ടായിരുന്നത്.
കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ആളുകൾ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എത്ര കുട്ടികൾ ഉണ്ടെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസിന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. പോലീസിന് നിയന്ത്രിക്കാവുന്നതിലും അധികം ആളുകൾ ഉണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയായിരുന്നു അപകടം. നാല് പേർ മരിച്ചു. അപകടത്തിൽ 60-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.