തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. ഇവരിൽ നിന്ന് വ്യാജമായി നിർമ്മിച്ച തിരിച്ചറിയൽ കാർഡുകൾ അന്വേഷണസംഘം കണ്ടെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും സൂചന.
Crucial evidence against Youth Congress leaders
അഭി വിക്രം, ഫെന്നി, ബിനിൽ ബിനു എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ, കഴിഞ്ഞ ദിവസമാണ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്ത ഇവരിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. മൂവരുടെയും പങ്ക് തെളിയിക്കുന്ന തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം അടൂരിൽ അഭി വിക്രമിന്റെയും, ബിനിൽ ബിനുവിന്റെയും വീട്ടിൽ നടത്തിയ പോലീസ് പരിശോധനയിൽ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ഇവരുടെ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
ക്രമക്കേടിൽ കൂടുതൽ പേർക്ക് പങ്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം. അതിനാൽ കസ്റ്റഡിയിലെടുത്ത യൂത്ത്കോൺഗ്രസ്സ് പ്രവർത്തകരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പുതുതായി തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥരാണ് നിലവിൽ കസ്റ്റഡിയിലുള്ളവർ. അതിനാൽ അന്വേഷണം പുതിയ നേതൃത്വത്തിലേക്ക് വരുമെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.