കോഴിക്കോട്: മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് യുഡിഎഫിനെ പ്രതിസന്ധിയിലാക്കാന്നുള്ള സിപിഎം നീക്കം പാളി. പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് ലീഗും യുഡിഎഫുംതമ്മില്‍ ഭിന്നാഭിപ്രായത്തിലേക്ക് എത്തുമോ എന്നായിരുന്നു രാഷ്ട്രീയ കേരളവും ഉറ്റുന്നോക്കിയത്.
എന്നാല്‍ സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഎമ്മിന്‍റെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടത്തില്ല.
കോഴിക്കോട്ടെ നിർണായക യോഗത്തിനു മുന്നോടിയായി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കളും വിലയിരുത്തി.
ഇത്തരമൊരു ധ്വനി ഈ സാഹചര്യത്തിൽ നല്ലതല്ലെന്നും റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തതോടെ ലീഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. കെ പി എ മജീദ്, എം കെ മുനീർ, കെ എം ഷാജി എന്നിവർ ലീഗ് റാലിയിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.
നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.
ഇടി മുഹമ്മദ് ബഷീറിന്‍റെ ഈ പ്രസ്താവന മുസ്ലീം ലീഗ് ഇടതുമുന്നണിയുമായി കൂടുതല്‍ അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇതിനുപിന്നാലെയാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുസ്ലീം ലീഗ് യോഗം ചേരാന്‍ തീരുമാനിച്ചത്. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക യോഗം വേണ്ടെന്നും കൂടിയാലോചനകള്‍ക്കുശേഷം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിക്കാമെന്നുള്ള തീരുമാനത്തില്‍ നേതാക്കളെത്തുകയായിരുന്നു.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട്, മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. പക്ഷേ മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നാവർത്തിച്ച സതീശൻ, പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സിപിഎം ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി.
ഏക സിവിലില്‍ കോഡ് സെമിനാറിലേക്കും സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നല്‍കിയിരുന്നു. വീണ്ടും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാന്‍ പോയി സിപിഎം നാണംകെട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം മുസ്‍ലിം ലീഗ് യുഡിഎഫ് വിട്ടുപോകുമെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.‘മുസ്‍ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഈ ക്ഷണിച്ച ആളുകൾക്ക് തലയ്ക്കു സുഖമില്ലാത്തതുകൊണ്ടാണ് മുസ്‍ലിം ലീഗിനെ ക്ഷണിച്ചത്. യുഡിഎഫിൽ എത്ര വർഷത്തെ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ്. അവർ ഞങ്ങളെ വിട്ടു പോകുമോ? സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകുമോ? ഇല്ലെന്നു ഞങ്ങൾക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു.