തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിന്‍റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം വിശദമായി ചർച്ച ചെയ്തില്ലെങ്കിലും രാജി വേണ്ടെന്ന നിലപാടാണ് പല നേതാക്കളും പ്രകടിപ്പിച്ചത്.
സംസ്ഥാന കമ്മിറ്റി യോഗം വിഷയത്തിന്റെ നാനാവശങ്ങള്‍ പരിശോധിക്കും. കൊല്ലത്തെ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങളും ആരായും. മുകേഷിന്റെ ഭാഗവും കേള്‍ക്കും. ആരോപണത്തെക്കുറിച്ച് വ്യാഴാഴ്ച മുകേഷ് നേരിട്ട് മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കിയിരുന്നു. മുകേഷ് പ്രശ്നത്തില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കേണ്ടെന്നതാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇപ്പോള്‍ ഉയർന്നിട്ടുള്ള ലൈംഗിക ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പാർട്ടിക്ക് ലഭിച്ച നിയമോപദേശം. കോടതിയില്‍ നിന്ന് പ്രതികൂല പരാമർശങ്ങള്‍ ഉണ്ടായാല്‍ മാത്രം രാജിക്കാര്യം ചിന്തിച്ചാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. .
അതേസമയം കേസെടുത്തതിന് തൊട്ടുപിന്നാലെ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ആനി രാജി സിപിഐ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. അതിലുള്ള കടുത്ത അതൃപ്തി നേതാക്കള്‍ പരസ്യമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുന്‍പ് ആനി രാജ പരസ്യ പ്രസ്താവന നടത്തിയതില്‍ സിപിഎമ്മിലും അമര്‍ഷമുണ്ട്.