തിരുവനന്തപുരം: മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഏതാനും നാളുകളായി സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്. പാലസ്തീൻ ഐക്യദാർഡ്യത്തിലെ സി പി എം നീക്കമാണ് ഏറ്റവും പുതിയതായി യുഡിഎഫിന് തലവേദനയായിരിക്കുന്നത്. മുൻപ് ഏക സിവിൽ കോഡ് വിഷയം യുഡിഎഫിൽ ഇതേ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
യു ഡി എഫിൽ നിന്നും മുസ്ലീം ലീഗിനെ അടർത്തിയെടുക്കാനുള്ള നീക്കം സി പി എം തുടങ്ങിയിട്ട് നാളേറെയായി. മുസ്ലീം ലീഗിലെ തന്നെ ഒരു കൂട്ടർ ഇതിനെ പിന്തുണക്കുന്നുണ്ടെന്നുള്ള ആരോപണവും ശക്തമാണ്. ഏക സിവില്‍കോഡിനെതിരായ സെമിനാറില്‍ കോണ്‍ഗ്രസിന് ക്ഷണമില്ലാത്തതിന്റെ കാരണം പറഞ്ഞാണ് സിപിഎം ക്ഷണം ലീഗ് തള്ളിയത്. ഇത്തവണ പാലസ്തീൻ ഐക്യദാർഡ്യ പരിപാടിയിലും കോണ്‍ഗ്രസിന് ക്ഷണമില്ല.
പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം സുധാകരനെ വിമര്‍ശിച്ചതും ഇവര്‍ക്കിടയിലെ എതിര്‍പ്പുകളെയാണ് സൂചിപ്പിക്കുന്നത്. പലസ്തീന്‍ വിഷയത്തില്‍ ലീഗ് അങ്ങോട്ട് ക്ഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു.
ലീഗ് നേതാക്കള്‍ അങ്ങോട്ട് ആവശ്യപ്പെട്ട് ക്ഷണം വാങ്ങിയ പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്നും സമസ്തയില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. ഒപ്പം കെ.സുധാകരന്റെ പ്രസ്താവനയും ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ലീഗിനെ സിപിഎം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് തടയാനുള്ള നീക്കങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് തുടങ്ങിയിട്ടുണ്ട്. നേരത്തെ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഇടപ്പെട്ടാണ് ലീഗിനെ പിന്തിരിപ്പിച്ചിരുന്നത്.
ന്യൂനപക്ഷ പ്രധാന്യമുള്ള വിഷയങ്ങളോട് സമീപകാലത്തായി സിപിഎം സ്വീകരിക്കുന്ന നിലപാടുകളോട് സമുദായത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് പ്രധാനമായും മുസ്‌ലിംലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. പൗരത്വവിഷയത്തില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്നാലെയാണ് സിപിഎമ്മിനോടുള്ള സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായത്.
പൗരത്വ വിഷയം ഏറ്റെടുക്കുന്നതില്‍ സിപിഎം നേട്ടമുണ്ടാക്കിയെന്നും ഇത് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം മടിച്ചത് മുന്നണിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും ലീഗിന്റെ വിലയിരുത്തലുണ്ടായിരുന്നു.
സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു ഇന്ന് കെ സുധാകരന്റെ പ്രതികരണം.സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.
ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല പശ്ചിമേഷ്യന്‍ യുദ്ധം. ലോകം മുഴുവന്‍ പലസ്തീന്‍ പ്രശ്‌നത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.
‘പലസ്തീനിലേത് ഒരു സാമുദായിക പ്രശ്‌നമല്ല. എത്ര മനുഷ്യക്കുഞ്ഞുങ്ങളാണ് പലസ്തീനില്‍ മരിച്ചുവീഴുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ ഇല്ലേ, മുസ്ലിങ്ങള്‍ മാത്രമല്ലല്ലോ. ലോകം മുഴുവന്‍ ഈ പ്രശ്‌നത്തിനൊപ്പം നില്‍ക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എന്തുകൊണ്ട് ഇത്തരം റാലികള്‍ നടത്തുന്നില്ലെന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസിനോട് ചോദിക്കണമെന്നായിരുന്നു സലാമിന്റെ ഉത്തരം. ഇത്തരമൊരു മനുഷ്യത്വപരമായ സമീപനത്തില്‍ താത്പര്യമുള്ളവര്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്, ആരെയും പിടിച്ചുനിര്‍ത്തുകയല്ലെന്നും പി എം എ സലാം വ്യക്തമാക്കി.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരക്കണമോ എന്നും കെ സുധാകരന്‍ ചോദിച്ചു. ഇതിനെതിരെയാണ് അതൃപ്തി പരസ്യമാക്കിയാണ് പിഎംഎ സലാം രംഗത്തുവന്നത്.
കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിൽ ഈ മാസം 11 നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സമസ്ത അടക്കം ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചു.
എന്നാൽ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ സിപിഎം നേതാക്കൾ മുസ്ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഉയർത്തിയാണ് സിപിഎം കോൺഗ്രസിനെ റാലിയിൽ പങ്കെടുപ്പിക്കാത്തത്.