പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സന്ദീപ് വാര്യരെ ആയുധമാക്കി പ്രചരണം നടത്തുകയാണ് ഇടതുപക്ഷം.സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം പത്രങ്ങളില്‍ സരിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പരസ്യത്തിലാണ് സന്ദീപ് വാര്യരുടെ മുൻകാല ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് ചേര്‍ത്തുകൊണ്ട് സിപിഎം പരസ്യം നൽകിയത്.CPM captures votes through communal agenda
അതേസമയം, സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതാണ് ശ്രദ്ധേയം.
മുസ്ലീങ്ങള്‍ക്കെതിരെയുള്ള സന്തീപിന്റെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ചേര്‍ത്ത് അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. വാര്‍ത്ത ശൈലിയിലുള്ള ഇത്തരം പരസ്യങ്ങള്‍ സാധാരണക്കാര്‍ പത്രത്തിലെ വാര്‍ത്തയും നിലപാടുമായാണ് കണക്കാക്കുക. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാണ് അഡ്വറ്റോറിയല്‍ ശൈലി സിപിഎം സ്വീകരിച്ചിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവനയും ചിത്രമുള്‍പ്പടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തില്‍ ചോദിക്കുന്നു.
ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വർഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോൺഗ്രസിനെതിരേ പരസ്യത്തിൽ വിമർശിക്കുന്നത്.
സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വലിയ വിമര്‍ശനങ്ങൾ ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പരസ്യ നീക്കം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യംവെച്ചുള്ളതാണ് എന്നാണ് സൂചന.സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.
മുസ്ലീം വോട്ടുകളുടെ ഏകീകരണം സരിന് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നതെന്നും വ്യക്തമായി. ഇത്തരത്തിലൊരു വര്‍ഗ്ഗീയ അജണ്ടയിലൂടെയുള്ള വോട്ട് പിടിത്തം കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാ പരസ്യമായി ഇത് മാറുകയാണ്.
സരിനെ സിപിഎമ്മിലേക്ക് അടുപ്പിച്ച സിപിഎം സന്ദീപ് വാര്യരേയും ഇടതുപക്ഷത്തേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. മന്ത്രി എംബി രാജേഷും എകെ ബാലനും പോലും സന്ദീപിനെ പൊ്ക്കി സംസാരിക്കുകയും ചെയ്തു. നല്ല പയ്യന്‍ എന്ന് ബാലേട്ടന്‍ വിളിച്ച സന്ദീപ് പോയത് കോണ്‍ഗ്രസിലേക്കായിരുന്നു. ഇതോടെ വിഷ നാവായി സന്ദീപ് മാറുകയും ചെയ്തു. ഇതെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതിനിടെ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആര്‍ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്‌എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു .അദ്ദേഹത്തിന്റെ അമ്മ ആര്‍എസ്‌എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാര്‍ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് കണ്ടത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷനാണെന്ന് ഷാഫി പറമ്ബില്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഇതിനു അനുമതി കൊടുത്തു. ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എംബി രാജേഷിന്റെ വീട്ടിലും എകെ ബാലന്റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പ്രതികരിച്ചു.
പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങള്‍ പോലുമായില്ല. അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുന്‍മന്ത്രി എകെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കളാണ്. അവരാണ് ഇപ്പോള്‍ സന്ദീപിനെതിരെ വര്‍ഗീയത പറയുന്നത്. ഓന്തുപോലും ഇപ്പോള്‍ രാവിലെയും വൈകുന്നേരവും ഇവരെ കണ്ട് നമസ്‌കരിക്കുകയാണ്.
മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത നടത്തിയ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുപഠിക്കണം. ഈ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാതിരുന്നത് വര്‍ഗീയ ശക്തികളെ ഭയന്നാണ്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങളെ ഊതിക്കെടുത്തിയ മഹനീയ പാരമ്പര്യം പേറുന്ന സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രംഗത്തുവന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.
നിശബ്ദ പ്രചാരണത്തിന് തെരഞ്ഞെടുത്ത സിപിഎം രീതി കേരളത്തിന്റെ മതനിരപേക്ഷ ആശയങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കരയില്‍ സ്വീകരിച്ചിട്ടുള്ള കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമോ അല്ലെങ്കില്‍ അതിലും ഗുരുതരമായിട്ടുള്ളതോ ആയ പ്രചാരണ രീതിയാണിത്. പരസ്യം കൊടുത്തത് സിപിഎമ്മാണെങ്കിലും അതിന് പണം കൊടുത്തത് ബിജെപിയാണെന്നും സന്ദീപ് പറഞ്ഞു.
എന്നാൽ സത്യത്തിൽ വിഷമം ഉണ്ടാകേണ്ടത് ബിജെപിക്കാണ് അവിടെനിന്നുമാണ് ഞാൻ പോന്നത് എന്നാൽ സിപിഎം എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായിട്ടുള്ള വിഭജനം ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യം. ഇത്തരം പ്രചാരണങ്ങളെ പാലക്കാട്ടെ ജനത തിരിച്ചറിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം സിറാജ്, സുപ്രഭാതം പത്രങ്ങളിൽ ഇന്നുണ്ടായ എൽഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. യഥാർത്ഥത്തിൽ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്.
പത്രപരസ്യത്തിന്റെ ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയിൽ നൽകി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ജില്ലാ കളക്ടർ ആണ് ഈ പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ നൽകേണ്ടത്. എന്നാൽ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തിൽ പാലിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപത്തിന് പിന്നാലെ സിപിഎം നേതൃത്വമാകെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കടന്നാക്രമിക്കുകയാണ്. രാഷ്ട്രീയമായ വിമർശനമേൽക്കുമ്പോൾ മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നത് ഹീനമാണെന്ന നിലപാടെന്നാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആക്ഷേപമുയർത്തിയത്.
ജമാഅത്ത് ഇസ്ലാമിയെ മുസ്ലിം ലീഗിൻ്റെ മുൻ പ്രസിഡന്റ്മാർ എതിർത്തിട്ടുണ്ട്. എന്നാൽ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിക്കുമെതിരെ സംഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണന്നും ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖ് അലി തങ്ങളെ അതേ നാണയത്തിൽ വിമർശിക്കുമെന്ന് കെടി ജലീൽ എംഎൽഎ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.