കണ്ണൂർ: പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കുക.CPIM takes disciplinary action against PP Divya
ഇതോടെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്താകും. പി പി ദിവ്യ ഇനി സിപിഐഎം അംഗം മാത്രം ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
ഇന്ന് ജാമ്യ അപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിച്ചത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.
എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും എതിർത്തു. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.
പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നു എന്ന പ്രതീതി ഉണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാകുമെന്ന് മുതിർന്ന അംഗങ്ങൾ വിലയിരുത്തി. നടപടിയെടുക്കാൻ മേൽ കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതിൻറെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടിയത്.
എഡിഎം കെ നവീൻബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെയാണ് വിധിപറയുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ദിവ്യയെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ഭാര്യയുടെ മൊഴിയെടുക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ജാമ്യാപേക്ഷയിലെ വാദത്തിൽ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.