പാലക്കാട്: അനധികൃത മദ്യവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എക്സൈസ് പിടിയിൽ. പാലക്കാട് വടവന്നൂർ കുണ്ടുകാട് സ്വദേശി എ സന്തോഷിനെയാണ് (54) എക്സൈസ് പിടികൂടിയത്. CPIM local committee member caught in excise with illegal liquor
കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ അനധികൃത മദ്യം എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യക്കടത്ത് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം പഞ്ചായത്ത് ഓഫീസിന് മുൻപിൽ വെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ് കെയ്സുകളിലാക്കി കാറിൽ കടത്തുകയായിരുന്നു. പാലക്കാട് നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽ വിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
കൊല്ലങ്കോട് എക്സൈസ് അസി ഇൻസ്പെക്ടർ എൻ സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ പി ചെന്താമര, കെ രമേഷ്, യു നാസർ, സീനിയർ സിവിൽ എക്സൈസ് ഓഫീസർ എ അരവിന്ദാക്ഷൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു സന്തോഷ്.