ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. സിപിഐഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.CPIM leader’s threatening message is out in the case of investor’s suicide
പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് തന്നെ പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോൾ ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി ചോദിക്കുന്നുണ്ട്. നിങ്ങൾ വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്.
നിങ്ങൾക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.
മരിച്ച സാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് ഏരിയാ സെക്രട്ടറി മാത്യു ജോർജ് പറഞ്ഞു. സാബുവിന് 12 ലക്ഷം രൂപയാണ് കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകാനുള്ളത്. സൊസൈറ്റിയിൽ സിപിഎം ഭരണത്തിൽ എത്തിയിട്ട് 4 വർഷം മാത്രമേ ആയുള്ളൂ.
20 കോടിയുടെ ബാധ്യത ബാങ്കിനുണ്ട്. നിശ്ചിത തുക വീതം സാബുവിന് മാസം തോറും കൊടുക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സാബു ബാങ്കിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടായി. ഇക്കാര്യത്തിൽ ഭരണ സമിതി എന്ന നിലയിൽ അഭിപ്രായം പറയുക സാധാരണമാണെന്നും അതിൽ കൂടുതൽ ഒന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സാബുവിൻ്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. എന്നാൽ സാബുവിനെ ഭീഷണിപെടുത്തിയോ എന്ന് അന്വേഷിക്കും. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം കുറ്റക്കരെ നിയമത്തിനു മുന്നിൽ കൊണ്ടു വരട്ടെയെന്നും പറഞ്ഞു.
സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തും. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.