കൊല്ലം: ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയുടെ മുടിവെട്ടരുതെന്ന് ഉത്തരവിട്ട് കോടതി. സിനിമയില്‍ അഭിനയിക്കണമെന്ന് പ്രതി ആവശ്യം ഉന്നയിച്ചതോടെയാണ് കോടതിയുടെ ഉത്തരവ്.Court not to cut hair of accused on remand
ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.ജ്യോതിയുടെ (38) മുടി ജയിലധികൃതർ വെട്ടരുതെന്നാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കെ.വി.നൈന ഉത്തരവായത്.
ട്രെയിൻ യാത്രക്കിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ റെയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്. തുടർന്ന് ജയിലിലെത്തി മുടിവെട്ടാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
ജയില്‍ മാന്വല്‍ ചൂണ്ടിക്കാട്ടി മുടി വെട്ടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടിയാണ് മുടി വളർത്തിയതെന്നാണ് പ്രതി പറയുന്നത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ വേണു ജെ.പിള്ള, വൈശാഖ് വി.നായർ,എസ്.ശ്രീജിത്ത് എന്നിവർ ഹാജരായി.