തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിനെതിരെയും വിവാദം കനക്കുകയാണ്. പിണറായി സർക്കാരിൻ്റെ ആർഭാടവും ധൂർത്തും പരിധി വിടുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് നവകേരള സദസ്സും വിവാദത്തിന് വഴിതെളിക്കുന്നത്.
Controversy against the government’s Navakerala Sadhas
മാത്രമല്ല ഇപ്പോൾ ഏറ്റുവും വിവാദമായ ചർച്ച നവകേരള സദസിന്റെ ഭാഗമായി സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നതാണ്. നവംബർ 10 നാണ് ബസ് വാങ്ങാൻ ധനവകുപ്പ് പണം അനുവദിച്ചത്. ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിൻ്റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്.
ഈ ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിൻറെ ചെലവ് കുറയ്ക്കാനാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നും. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതലാകും ചെലവ്. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കെഎസ്ആർടിസി ബസിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.
ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവിൽ അല്ല. സർക്കാരാണ് ബസിന് പണം നൽകുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് പുതിയ നടപടി. നികുതിപ്പണം കൊണ്ട് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിര്‍ത്തണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിനെതിരെ വിചാരണാ സദസ്സ് നടത്താനൊരുങ്ങുകയാണ് യുഡിഎഫ്. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമാണ് വിചാരണാ സദസ്സ് എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. ഡിസംബർ 2 മുതൽ 22 വരെ തീയതികളിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ്സുകൾ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു.
സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസ്സിലെ പ്രധാന പരിപാടി. ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന 12 നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന വിചാരണ സദസ്സുകളോടെ പരിപാടി ആരംഭിക്കും.
ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ആറ് മണി വരെയാണ് വിചാരണ സദസ്സ്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും.
നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണസംഘങ്ങളെ പിഴിയുകയാണന്ന ആരോപണവും ഉയർന്നിരുന്നു. നവകേരള സദസിലേക്ക് അതത് ജില്ലകളിൽ മന്ത്രിമാർ എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശമാണ് ഉത്തരവിലുള്ളത്. അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിർദേശമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതമെന്ന് കുടുംബശ്രീകള്‍ക്ക് ഭീഷണി സന്ദേശം എത്തിയതും വിവാദമായിരുന്നു.. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് നിര്‍ദേശം. നവ കേരള സദസില്‍ പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റര്‍റോളില്‍ പേര് ചേര്‍ക്കുകയെന്നും സന്ദേശത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയാണ് നവകേരള സദസ്. ഈ മാസം 18നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലുമെത്തുന്ന നവകേരള സദസിൻെറ തുടക്കം.