തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു ബസുകളെച്ചൊല്ലിയുള്ള വിവാദങ്ങളും വിമർശനങ്ങളുമായിരുന്നു മുഖ്യ ചർച്ചാ വിഷയം. സർക്കാരിൻ്റെ നവകേരള സദസ്സ് ആരംഭിക്കുന്നതു കൊണ്ട് തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസിനെ ചൊല്ലിയുള്ള വിവാദവും കനത്തു. അതോടൊപ്പം അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിനെ തുടര്‍ച്ചയായി തടഞ്ഞ് പിഴയിടുകയാണ് മോട്ടോർ വാഹന വകുപ്പ് എന്ന ആരോപണവും നിലനിൽക്കുകയാണ്.
Controversies and criticisms about buses
രണ്ടു ബസുകളെ പരാമർശിച്ചുള്ള നിരവധി രസകരമായ ട്രോളുകളും വൈറലായി എന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരൻ്റെ ബസ് എന്ന് റോബിൻ ബസിനെയും കൊള്ളക്കാരുടെ ബസ് എന്ന് നവകേരള ബസിനെയും വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മങ്കൂട്ടത്തില്‍ രംഗത്ത് വന്നു.

അതേസമയം അതൊരു പാവം ബസാണ്, ബസിൽ സാധാരണ സംവിധാനങ്ങള്‍ മാത്രമാണുള്ളത്. ബസിനുള്ളില്‍ ഫ്രിജോ, അവ്നോ, കിടപ്പുമുറിയോ ഇല്ലെന്നും ആകെയുള്ളത് വാഷ്റൂമും ലിഫ്റ്റും മാത്രമാണെന്നുമാണ് ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കിയത്.

റോബിൻ ബസിനെ എംവിഡി തടഞ്ഞ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പ്രതികാര നടപടി അല്ലെന്നും മന്ത്രി സ്റ്റേജ് ഗ്യാരേജ്കാരുടെ ഉപജീവനം നഷ്ടമാകും അതിനാലുള്ള നിയമപരമായ നടപടിയാണെന്നുമാണ് മന്ത്രി പറയുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസിന് ഒറ്റദിവസം മുപ്പത്തി ഏഴായിരത്തിലധികം രൂപ മോട്ടോർ വാഹനവകുപ്പ് പിഴയിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും കോയമ്പത്തൂർ സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് റോബിൻ ബസുടമ ഗീരീഷിന്‍റെ തീരുമാനം. കോടതി പറയും വരെ സർവീസ് തുടരുമെന്ന് ഗീരീഷ് അറിയിച്ചു. റോഡിലെ തർക്കത്തിന് പുറമെ കോടതിയിലും പെർമിറ്റിനെ ചൊല്ലി ശക്തമായ നിയമപോരാട്ടം നടക്കും.
അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിനെ തുടര്‍ച്ചയായി തടഞ്ഞ് പിഴയിടുകയാണ് മോട്ടോർ വാഹന വകുപ്പ്. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകമായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി. പാലാ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയൽ.
അങ്കമാലിയിൽ വച്ച് മൂന്നാമത്തും ബസ് തടഞ്ഞപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയർന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോൾ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ച ബസ് കൊയമ്പത്തൂരിലേക്ക് യാത്ര തുടരുകയാണ്.
ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണ ബസിനെ പോലെ ആളെ കയറ്റി ഓടാമെന്ന അവകാശവാദവുമായാണ് റോബിൻ ബസ് ഉടമ മുന്നോട്ട് പോകുന്നത്. അതേസമയം കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദിമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.
അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിൻ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ നിയമപരമായി നേരിടാൻ തന്നെയാണ് റോബിൻ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.
അതേ സമയം സാധാരണക്കാരൻ സ്വന്തം അധ്യാനം കൊണ്ട് വാങ്ങി നിരത്തിലിറക്കിയ ബസ് ഓടിക്കാൻ ഗത്യന്തരമില്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ കടത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ 1.5 കോടി രൂപ വിലയുള്ള ആഡംബര ബസ്സിൽ കറങ്ങുന്നതാണ് ജനങ്ങൾക്ക് വിരോധാഭാസം.
മുഖ്യമന്ത്രിക്കായി റൌണ്ട് ടേബിളോട് കൂടിയ പ്രത്യേക മുറിയും 360 ഡിഗ്രിയിൽ കറങ്ങുന്ന കസേരയും. 25 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസിന് 10520000 രൂപ വില. ബസിന്‍റെ ഷാസിക്ക് 44 ലക്ഷം രൂപയാണ് വില. ബാക്കി തുക മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ചെലവഴിക്കുന്നത്.
സിനിമാതാരങ്ങളും മറ്റും ഉപയോഗിക്കുന്ന കാരവൻ മാതൃകയിലുള്ള സജ്ജീകരണങ്ങളാണ് ബസിലുള്ളത്. ഇതിൽ എടുത്തുപറയേണ്ടത് മുഖ്യമന്ത്രിയുടെ സീറ്റാണ്. ഏറ്റവും മുന്നിലായി സൈഡിലേക്കും മുകളിലേക്കും താഴെക്കും അഡ്ജസ്റ്റ് ചെയ്യാനു സാധിക്കുന്ന രീതിയിൽ ഓട്ടോമാറ്റിക് സീറ്റാണ് ഇതിനുള്ളത്. ഡ്രൈവറുടെ വശത്ത് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനും സൌകര്യമുണ്ടാകും.
11 ലക്ഷം രൂപ ചെലവഴിച്ച് ബസിനുള്ളിൽ ബയോ ടോയ്ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, വാഷ് ബെയ്സിൻ, വിശ്രമിക്കാനുള്ള ഭാഗം എന്നിവയും ബസിലുണ്ട്.
അംഗപരിമിതൻ സംമ്പാദ്യം കൊണ്ട് വാങ്ങിയതിന് വഴിനീളെ ഫൈൻ, നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് വാങ്ങിയതിന് വഴിനീളെ സല്യൂട്ട് എന്ന വഴിവിട്ട അന്യായം അര്‍ക്കാണ് ദഹിക്കുക?
കേരളത്തിന്‍റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ചോദിക്കുന്നു.
മുഖ്യമന്ത്രിയും സംഘവും ഒന്നര കോടിയുടെ ആഢംബര ബസില്‍ സഞ്ചരിക്കുമ്പോള്‍ പാവപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ പെന്‍ഷനും ശമ്പളവും ആര് നല്‍കും? സാധാരണക്കാരന്‍റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബരയാത്രയെന്നും അദ്ദേഹം പറഞ്ഞു