തിരുവനന്തപുരം: ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമുള്ള വിവാദ ഉത്തരവ് പിൻവലിച്ച് സർക്കാർ. Controversial order banning scientists from visiting disaster sites to be lifted
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നല്‍കിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ലെന്നും ഉത്തരവ് ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശവും മുഖ്യമന്ത്രി നല്‍കി.
മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ആശയവിനിമയം നടത്തിയ ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ശാസ്ത്ര സമൂഹം, അഭിപ്രായങ്ങളും പഠന റിപ്പോര്‍ട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. മേപ്പാടിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്.
മേപ്പാടി ദുരന്തബാധിത മേഖലയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. മേപ്പാടി പഞ്ചായത്തിലേക്ക് ഒരു ഫീല്‍ഡ് വിസിറ്റും അനുവദിക്കില്ല.
തങ്ങളുടെ പഠന റിപ്പോര്‍ട്ടുകള്‍ ശാസ്ത്ര ഗവേഷകര്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്. എന്തെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ കൃത്യമായി അനുമതി വാങ്ങണമെന്നും ഉത്തരവിലൂടെ പറഞ്ഞിരുന്നു.
മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കിയത്.