Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsബിജെപിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്ഗ്രസ്; സന്ദീപ് വാര്യര്‍ വഴി പാളയത്തിലെത്തിക്കാൻ ചര്‍ച്ചകള്‍, കോൺഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി...

ബിജെപിയിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്ഗ്രസ്; സന്ദീപ് വാര്യര്‍ വഴി പാളയത്തിലെത്തിക്കാൻ ചര്‍ച്ചകള്‍, കോൺഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന ഉറപ്പു നല്‍കി സന്ദീപ്‌

തിരുവനന്തപുരം: പാലക്കാട് തോല്‍വിക്ക് പിന്നാലെ ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍ . ബിജെപി വിട്ട് കോൺഗ്രസിലെത്തിയ  സന്ദീപ് വാര്യര്‍ വഴിയാണ് നീക്കം.Congress targeting disaffected people in BJP

അതൃപ്തരായ നേതാക്കളെ പാളയത്തിലെത്തിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സൂചന നൽകികൊണ്ട് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.. ബിജെപി വിട്ട് കോൺഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നൽകുന്നുണ്ട്.

‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്’. എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. ബിജെപിയിലെ അസംതൃപ്തരെയാണ് സന്ദീപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

പാലക്കാട്ടെ തോൽവിയിൽ അച്ചടക്ക നടപടിയുണ്ടായാൽ രാജിവയ്ക്കുമെന്ന് ആവർത്തിച്ച് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ. അനുനയ നീക്കത്തിന് വിളിച്ച സംസ്ഥാന ഭാരവാഹികളോടാണ് കൗൺസിലർമാർ വീണ്ടും നിലപാടറിയിച്ചത്. 

സ്ഥാനാർഥിയോടുള്ള അതൃപ്തിയില്‍ തോൽവിയുണ്ടായത് നഗരസഭ ഭരണത്തിന്‍റെ പോരായ്മ കാരണമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നാണ് കൗൺസിലർമാരുടെ ആക്ഷേപം. കലഹിച്ച് നില്‍ക്കുന്ന കൗൺസിലർമാർ പിന്തുണ പിൻവലിച്ചാൽ ബി.ജെ.പിക്ക് പാലക്കാട് നഗരസഭ ഭരണം നഷ്ടമാവും. ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നഗരസഭ കൂടി നഷ്ടപ്പെട്ടാൽ കടുത്ത പ്രതിസന്ധിയാവുമെന്നതാണ് അച്ചടക്ക നടപടിയില്‍ നിന്നും സംസ്ഥാന നേതൃത്വത്തെ മാറ്റിച്ചിന്തിപ്പിക്കുന്നത്. 

കൂറുമാറ്റം ഉള്‍പ്പെടെയുള്ള പ്രതിസന്ധി കണക്കിലെടുത്ത് തിടുക്കത്തില്‍ കൗണ്‍സിലര്‍മാര്‍ രാജിയിലേക്കെത്തില്ല. ആരുവന്നാലും കൂടെക്കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സന്ദീപ് വാരിയരും പ്രതികരിച്ചു.

കഴിഞ്ഞദിവസം ബിജെപിയിൽ നിന്ന് രാജിവച്ച വയനാട് മുൻ ജില്ലാപ്രസിഡന്റ് കെ പി മധുവിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കവും സന്ദീപ് വാര്യർ തുടരുകയാണ്. മധുവുമായി അദ്ദേഹം ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാര്യർ ബന്ധപ്പെട്ടുവെന്നും ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞതായും കെ പി മധു ഒരു സ്വകാര്യ ചാനലിനോട് പറയുകയും ചെയ്തു.

മധുവിനെ എൽഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാണ്. ആവശ്യങ്ങൾ അംഗീകരിച്ചാൽ എൽഡിഎഫുമായോ യുഡിഎഫുമായോ സഹകരിക്കുമെന്നും മധു വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് രാജിവച്ചശേഷം ബിജെപിക്കാർ ആരും ബന്ധപ്പെട്ടി‌ട്ടില്ലെന്നും ചില പ്രാദേശിക പ്രവർത്തകർ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും മധു വ്യക്തമാക്കി. ബിജെപിയിലെ ഗ്രൂപ്പ് തല്ല് കേന്ദ്ര നേതൃത്വം ഇടപെട്ട് തൽക്കാലം അവസാനിപ്പിച്ചാലും വീണ്ടും അടി തുടങ്ങുമെന്നും മധു പറഞ്ഞു. 

നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് ഇന്നലെ കെപി മധു രാജി പ്രഖ്യാപിച്ചത്. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നാണ് മധു ആരോപിച്ചത്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലി ബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു.

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

സന്ദീപ് വാര്യർക്കും മധുവിനും പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചുവടുമാറുമോ എന്ന് സംസ്ഥാന നേതൃത്വത്തിന് ഭയമുണ്ട്. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറെ ജനസ്വാധീനമുള്ള സന്ദീപ് വാര്യരെ പിണക്കി കോൺഗ്രസിലെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവർത്തകരിൽ ഭൂരിഭാഗവും പറയുന്നത്. അതിന്റെ ഫലം പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു.

അതേസമയം, പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപ്പറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയംമാറ്റി വന്നാൽ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മാറ്റത്തിന്‍റെ  സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേത്വത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷയും ദേശീയ കൗണ്‍സില്‍ അംഗം എന്‍ നടരാജനും രംഗത്തെത്തിയിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിയും ഡിസിസി പ്രസിഡന്‍റും ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍, കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വരുമെന്ന് ബിജെപി നേതാവ എന്‍ നടരാജന്‍ തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

പാലക്കാട് വീടുകയറി പച്ചയ്ക്ക് വർഗീയത പറഞ്ഞത് കെ.സുരേന്ദ്രനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ലഘുലേഖ ഉൾപ്പെടെ വീടുകൾ തോറും വിതരണം ചെയ്താണ് വോട്ട് തേടിയത്.സി പിഎമ്മിന്‍റേയും. ബിജെപിയുടെയും വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു 

അതേസമയം ബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്തവരെയും പ്രചരിപ്പിച്ചവരെയും ശരിയായ നിലയിൽ കൈകാര്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളിൽ നിരന്തരം ബിജെപിക്കെതിരെ കള്ളവാർത്തകളാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം പൊതുസമൂഹത്തിൽ ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments