ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ തന്‍റെ നിലപാട് കൂടി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഏകീകൃത സിവില്‍ കോഡിനായി മോദി ആഹ്വാനം ചെയ്തിരുന്നു.Congress against Modi’s speech to implement secular civil code
നിലവിലുള്ള നിയമങ്ങള്‍ വര്‍ഗീയവും വിവേചനപരവുമാണെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. മതപരമായ വിവേചനം ഇല്ലാതാക്കാന്‍ മതേതര സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്റെ ആവശ്യം ആണെന്ന് വിശ്വസിക്കുന്നു. എങ്കില്‍ മാത്രമെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
എന്നാല്‍ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. മോദിയുടെ പരാമര്‍ശം ഭരണഘടനാ ശില്‍പി ഡോ ബിആര്‍ അംബേദ്കറെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ പകപോക്കലിനും കൊള്ളരുതായ്മയ്ക്കും ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള കഴിവിന് അതിരുകളില്ല. അത് ഇന്ന് ചെങ്കോട്ടയില്‍ ഒന്നുകൂടി തെളിഞ്ഞു.
ഞങ്ങള്‍ക്ക് ഒരു വര്‍ഗീയ സിവില്‍ കോഡ് ഉണ്ടായിരുന്നു എന്ന് പറയുന്നത് 1950-കളുടെ മധ്യത്തോടെ യാഥാര്‍ത്ഥ്യമായ ഹിന്ദു വ്യക്തിനിയമങ്ങളിലെ ഏറ്റവും വലിയ പരിഷ്‌കാര്‍ത്താവായ അംബേദ്കറിനേറ്റ കടുത്ത അപമാനമാണ്,’ അദ്ദേഹം പറഞ്ഞു.
കുടുംബനിയമത്തിന്റെ പരിഷ്‌കരണത്തെക്കുറിച്ചുള്ള 21-ാമത് ലോ കമ്മീഷന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.
‘അദ്ദേഹം ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. എന്നിട്ട് അംബേദ്കര്‍ എഴുതിയ നിയമം വര്‍ഗീയമാണെന്ന് വിളിക്കുന്നു, മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് വാജ്പേയിക്കെതിരെയും അദ്ദേഹം സംസാരിക്കുന്നു,’ ഖേര പറഞ്ഞു.
ഭരണഘടനാ ശില്‍പി അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകും. പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര പറഞ്ഞു.
മതേതര സിവില്‍ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് അതിന് വേണ്ടി സര്‍ക്കാര്‍ മുമ്ബോട്ട് പോകുമെന്ന സൂചനയാണ്.
ഇത് രാജ്യത്തിന്റെ സുവർണ കാലഘട്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം.
സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്.
‘മുമ്ബ്, ആളുകള്‍ മാറ്റം ആഗ്രഹിച്ചു, പക്ഷേ അവരുടെ അഭിലാഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഞങ്ങള്‍ ഭൂമിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു.പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താല്‍ക്കാലിക കൈയടിക്കോ നിര്‍ബന്ധങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ്.
വികസിത ഭാരതത്തിനായുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഭരണപരിഷ്‌കാരങ്ങള്‍, വേഗത്തിലുള്ള നീതിന്യായ സംവിധാനം, പരമ്ബരാഗത മരുന്നുകള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു’- മോദി പറഞ്ഞു.
ഭാരതത്തെ മൂന്നാമത്തെ സമ്ബദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തന്നെ പ്രതിപക്ഷത്തിനേയും മോദി പരോക്ഷമായി വിമര്‍ശിച്ചു. ചിലര്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ച ദഹിക്കുന്നില്ല. അത്തരക്കാര്‍ നിരാശരായി കഴിയേണ്ടി വരും. വികൃത മനസുകളില്‍ വളര്‍ച്ചയുണ്ടാകില്ല. ഇത്തരം പിന്തിരിപ്പന്മാരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്ന ദൗത്യം കൂടിയാണ് സര്‍ക്കാര്‍ നിറവേറ്റുന്നത്. രാജ്യത്തെ ഉപദ്രവിക്കുന്ന ഇക്കൂട്ടരെ ജനം തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവന്‍ മിഷനില്‍ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകള്‍ ഉണ്ടായി.
സൈന്യത്തിന്റെ പോരാട്ടം യുവാക്കള്‍ക്ക് പ്രചോദനമായി. ഉല്‍പാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളര്‍ച്ചയാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകള്‍ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകള്‍ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്റെ വാതില്‍ക്കല്‍ ഇന്ന് സര്‍ക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ രംഗത്ത് സര്‍ക്കാര്‍ വലിയ ശക്തിയായി മാറി. ആ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരികയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ചെറിയ, ചെറിയ കാര്യങ്ങള്‍ക്ക് ജയിലിലിടുന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തി.
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിയമ വ്യവസ്ഥയുടെ അന്തസുയര്‍ത്തി. വേഗത്തില്‍ നീതി നല്‍കാന്‍ കഴിയുന്നു. മധ്യ വര്‍ഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിനായി. എല്ലാവരെയും ഒപ്പം ചേര്‍ത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്തെ സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണ്. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ട്. ജോലിക്കാരായ സ്ത്രീകള്‍ക്ക് ശമ്ബളത്തോടെ പ്രസവാവധി നല്‍കിയത് ഈ സര്‍ക്കാരാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനും സര്‍ക്കാര്‍ താങ്ങായിസേവനത്തിന് അവസരം നല്‍കിയ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു.
2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. വിദ്യാഭ്യാസ മേഖലയിലും പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. ലക്ഷങ്ങള്‍ മുടക്കി മക്കളെ വിദേശത്ത് പഠിക്കാനയക്കുന്നത് മധ്യവര്‍ഗ രക്ഷിതാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. അത്തരം അവസരങ്ങള്‍ ഇന്ത്യയില്‍ സജ്ജമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സ്ത്രീകള്‍ക്കെതിരായി അതിക്രമം കാട്ടിയാല്‍ പിന്നീട് നിലനില്‍പില്ലെന്ന് ക്രിമിനലുകള്‍ തിരിച്ചറിയും വിധം നടപടികള്‍ വേണം.
വേഗം നടപടി വേണം, ഒരാളെ പോലും വെറുതെ വിടരുത്. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയോട് കേന്ദ്രം അനാദരവ് കാണിച്ചെന്ന ആരോപണവും ഉയര്‍ന്നു. രാഹുല്ഗാന്ധിക്ക് പിന്നിരയിലാണ് സീറ്റ് നല്കിയത്. പ്രതിപക്ഷ നേതാവിന് മുന് നിരയില് സീറ്റ് നല്കണമെന്നതാണ് പ്രോട്ടോകോള്.
പത്ത് വര്ഷങ്ങള്ക്ക് ശേഷമാണ് ചെങ്കോട്ടയില് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില് രാഹുലിന്റെ ആദ്യത്തെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷവുമായിരുന്നു ഇത്.
അവസാന നിരയിലാണ് രാഹുല് ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത്. ഇതിന്റെ ചിത്രങ്ങള് പുറത്തുവന്നതോടെയാണ് പ്രോട്ടോകോള് ലംഘനമുണ്ടായെന്ന വിമര്ശനം ഉയര്ന്നത്. മനു ഭക്കര്, സരബ്ജ്യോത് സിങ് തുടങ്ങിയ ഒളിമ്ബിക്സ് മെഡല് ജേതാക്കളായിരുന്നു മുന് നിരയില്. ഹോക്കി ടീമിലെ ക്യാപ്റ്റന് ഹര്മന്പ്രീത് സിംഗ്, മലയാളി താരം പി.ആര് ശ്രീജേഷ് എന്നിവര്ക്കും രാഹുല് ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.
മുന്നിരയില് കേന്ദ്രമന്ത്രിമാരായ നിര്മല സീതാരാമന്, ശിവരാജ് സിംഗ് ചൗഹാന്, അമിത് ഷാ, എസ് ജയശങ്കര് എന്നിവര് ഉണ്ടായിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവിയാണ്.
അടല് ബിഹാരി വാജ്പേയിയുടെ കീഴിലുള്ള എന്.ഡി.എ ഭരണകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് ഒന്നാം നിരയിലാണ് സീറ്റ് അനുവദിച്ചിരുന്നത്.