പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപിയില്‍ കലഹം രൂക്ഷമാവുകയാണ്. സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് സുരേന്ദ്രനും പറയുന്നു. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലിലാണ് മറുപക്ഷം.Conflict is intensifying in BJP
തോല്‍വിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ രാജി വെക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര നേതൃത്വവും തള്ളയിട്ടുണ്ട്.
പാലക്കാട് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപിയുടെ ആദ്യ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതെ മുതിർന്ന നേതാവ് പികെ കൃഷ്ണദാസും എംടി രമേശും വിട്ടുനിന്നു . കൊച്ചിയിൽ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് ഇരുനേതാക്കളും ഒപ്പം സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍.രാധാകൃഷ്ണനും വിട്ടു നിന്നത്.
കോര്‍കമ്മിറ്റി വിളിക്കാത്തത്ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തെതുടര്‍ന്ന് കോര്‍ കമ്മിറ്റി ചേരണം എന്നായിരുന്നു കെ സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കാതെ സംഘടന പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമെന്ന നിലപാടാണ് പ്രതിഷേധത്തില്‍ കലാശിച്ചത്.
കൃത്യമായി ആലോചിച്ച് ജാഗ്രതയോടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് വിളിച്ച് പറഞ്ഞത് പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ ഭംഗിയായി ശോഭ സുരേന്ദ്രന്‍ ചെയ്തുവെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാകുമെന്നും ശോഭ പറഞ്ഞു.
എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. കൃഷ്ണദാസ് പക്ഷത്തെ രണ്ടാം നിര നേതാക്കളില്‍ പലരും യോഗത്തിനെത്തിയിട്ടുമുണ്ട്. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാന നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്.
എന്നാൽ ഇന്നത്തെ യോഗത്തിൽ 14 പേർ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകൾ എത്തില്ലെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ വിശദീകരണം. എംടി രമേശിനും കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ഒരു ഗ്രൂപ്പമില്ല. അവർക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അത് ബിജെപി ഗ്രൂപ്പാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം ബിജെപിയിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ക്ഷുഭിതനായാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ബിജെപിയും എന്‍ഡിഎയും എന്താണെന്ന് അറിയാത്തത് പോലെയാണ് മൂന്ന് ദിവസമായി മാധ്യമങ്ങള്‍ തുള്ളുന്നത്. ഇതിനൊക്കെ മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരും. ഇന്നത്തെ ബിജെപി യോഗം സജീവ അംഗത്വത്തെക്കുറിച്ചും പ്രാഥമിക അംഗത്വത്തെക്കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്.
നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്. 15 കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന്! എന്തെങ്കിലും അടിസ്ഥാനം ഇതിലുണ്ടോ? ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ വന്നിരിക്കുന്നത്?’ എന്നായിരുന്നു മാധ്യമങ്ങളോട് ക്ഷോഭിച്ചുകൊണ്ട് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
ബിജെപിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കെ, പ്രമുഖ നേതാക്കള്‍ക്കെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ ഒട്ടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍, ബിജെപിയിലെ കുറുവാ സംഘം എന്നാണ് ആരോപിക്കുന്നത്. സേവി ബിജെപി എന്ന പേരിലാണ് പോസ്റ്ററുകള്‍. ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, പി.രഘുനാഥ് എന്നിവര്‍ക്കെതിരെയാണു പോസ്റ്ററുകള്‍. ‘വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. എഴുതി തയാറാക്കിയ പോസ്റ്ററുകള്‍ കഴിഞ്ഞ രാത്രിയാണ് ഒട്ടിച്ചതെന്നാണു വിവരം. കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 3000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ അടക്കം പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, പാര്‍ട്ടി സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനായി ഉറച്ചു നില്‍ക്കുകയായിരുന്നു.
അതേസമയം ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. മുന്‍പ് ബിജെപി ഇങ്ങനെയായിരുന്നില്ല. കെ സുരേന്ദ്രന്റെ പ്രാപ്തിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.