ആലപ്പുഴ: പുന്നപ്ര – വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫിന്‍റെ പരാതി. 77-ാമത് പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞമാസം 23 ന് പുന്നപ്രയില്‍ നടന്ന ദീപശിഖാ പ്രയാണത്തിൽ നിന്ന് വനിതാ അത്ലറ്റുകളെ ഒഴിവാക്കി.
ദീപശിഖ ഭദ്രദീപമാണെന്നും ദീപശിഖയേന്തി സ്ത്രീകള്‍ പ്രയാണം നടത്തുന്നത് അശുദ്ധിയാണെന്നും ഒരു സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് വനിതാ അത്‌ലറ്റുകളെ ഒഴിവാക്കുകയായിരുന്നു എന്നാണ് പരാതി. സിപിഐഎം നേതാക്കൾ ഇടപെട്ടാണ് തീരുമാനം നടപ്പാക്കിയതെന്നും ആരോപണമുണ്ട്.
എഐവൈഎഫ് – ഡിവൈഎഫ്‌ഐ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 20 അത്‌ലറ്റുകളെയാണ് ദീപശിഖാ പ്രയാണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതില്‍ നാല് വനിതാ അത്‌ലറ്റുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വനിതാ അത്‌ലറ്റുകള്‍ ദീപശിഖ കയ്യില്‍ എടുക്കേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചതോടെ പതാകവാഹകരായാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുത്തത്.
വനിത അത്ലറ്റുകളെ ഒഴിവാക്കിയതിൽ എഐവൈഎഫ് എതിർപ്പ് അറിയിച്ചിരുന്നു. വിവേചനം ചൂണ്ടിക്കാട്ടി സിപിഐഎം – സിപിഐ സെക്രട്ടറിമാർക്ക് പരാതി നൽകിയിട്ടുണ്ട്.