മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടർബോൾട്ട് കമാൻഡോ ഉദ്യോഗസ്ഥൻ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ ചതിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
Commando’s death in Areekode camp
മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെയും പേരുകൾ കുറിപ്പിലുണ്ട്.
വിനീത് പോലീസ് ഡിപ്പാർട്ട്മെന്റിലെ പീഡനത്തിന്റെ ഇരയാണെന്ന് ടി സിദ്ധിഖ് എംഎൽഎ ആരോപിച്ചു. റിഫ്രഷ്മെന്റ് കോഴ്സ് പരാജയപ്പെട്ടതിനെ തുടർന്ന് മാനസിക പീഡനം നേരിടേണ്ടി വന്നു. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
വിനീതിൻറെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
പോലീസുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ പോലും അവധി അനുവദിച്ചില്ല. ഡിപ്പാർട്ട്മെന്റിൽ നിന്ന് വിനീത് നേരിട്ട് പീഡനങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ ബന്ധുക്കളുടെ പക്കൽ ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു. മലപ്പുറം എസ്ഒജി ക്യാമ്പിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുെമെന്നും അദ്ദേഹം അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)