കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരി സെന്‍റ് മേരീസ് പളളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കം വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ക്വാറി നടത്തിപ്പിന് കരാര്‍ ഒപ്പിട്ട വ്യക്തിയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാനും പളളിക്കമ്മിറ്റി തീരുമാനിച്ചു. ക്വാറി തുടങ്ങാനുളള നീക്കത്തിനെതിരെ വിശ്വാസികൾ ജില്ലാ കളക്ടര്‍ക്കും ബിഷപ്പിനും പരാതി നല്‍കിയിരുന്നു. കോടഞ്ചേരി സെൻറ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ക്വാറി തുടങ്ങാന്‍ രണ്ടാഴ്ച മുമ്പ് ചേര്‍ന്ന പളളി പാരിഷ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.
ദുഖ വെള്ളിയാഴ്ച കുരിശിന്‍റെ വഴി നടത്തുന്ന, വിശ്വാസികള്‍ കുരിശുമല എന്നു വിളിക്കുന്ന പ്രദേശമായിരുന്നു കരിങ്കല്‍ ക്വാറിക്കായി കൈമാറാന്‍ പളളി വികാരിയുടെ നേതൃത്വത്തില്‍ തീരുമാനം എടുത്തത്. തീരുമാനം എടുത്തതിന് പിന്നാലെ ക്വാറി നടത്തിപ്പുകാര്‍ സ്ഥലത്തെത്തി ഖനനത്തിനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ക്വാറി നടത്തിപ്പിനായി കരാര്‍ വയ്ക്കുകയും ഇതിന്‍റെ ഭാഗമായി പളളിയുടെ ചുമതലയുളളവര്‍ പണം വാങ്ങുകയും ചെയ്തു. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിശ്വാസികൾ സംഘടിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും കളക്ടര്‍ക്കും ബിഷപ്പിനും പരാതി നൽകുകയും ചെയ്തു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടും പാരിഷ് കൗണ്‍സില്‍ വിളിക്കണമെന്ന ആവശ്യം വിശ്വാസികള്‍ ഉന്നയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന പാരിഷ് കൗണ്‍സില്‍ യോഗം പളളി വക ഭൂമിയില്‍ ക്വാറി തുടങ്ങാന്‍ നേരത്തെ എടുത്ത തരുമാനം റദ്ദാക്കുകയായിരുന്നു.
ക്വാറി നടത്താന്‍ പളളിയുമായി കരാര്‍ ഒപ്പിട്ട വ്യക്തിയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്നും തീരുമാനിച്ചു. ഇതോടെ പ്രതിഷേധത്തിന് അറുതി ആയെങ്കിലും വിശ്വാസികളുടെ അംഗീകാരമോ രൂപതില്‍ നിന്നുളള അനുമതിയോ ഇല്ലാതെ ക്വാറി തുടങ്ങാന്‍ എങ്ങനെ തീരുമാനമെടുത്തു എന്ന ചോദ്യം ബാക്കിയാണ്. ക്വാറിക്കാരനില്‍ നിന്ന് ആരുടെ അനുമതിയോടെ പണം വാങ്ങിയെന്ന ചോദ്യവും വിശ്വാസികള്‍ ഉന്നയിക്കുന്നുണ്ട്.