Wednesday, April 30, 2025
spot_imgspot_img
HomeNewsInternationalഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ജോര്‍ദ്ദാനിലെ ക്രൈസ്തവര്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷം റദ്ദാക്കും

ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ജോര്‍ദ്ദാനിലെ ക്രൈസ്തവര്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷം റദ്ദാക്കും

അമ്മാന്‍: യുദ്ധത്താല്‍ ദുരിതത്തിലായ ഗാസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഒഴിവാക്കും. പാലസ്തീനിയന്‍ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതിനായി ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ റദ്ദാക്കിയതായി ‘ജോര്‍ദ്ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ നേതൃത്വം നവംബര്‍ 5ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഇക്കൊല്ലം പ്രാര്‍ത്ഥനയിലൂടെയും, വിശ്വാസപരമായ ആചാരങ്ങളിലൂടെയും മാത്രം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത കൗണ്‍സില്‍ നിരപരാധികളായ ഇരകളോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.

ക്രിസ്തുമസ് ചന്തകളും, കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും, അലങ്കാരങ്ങളും, സ്കൌട്ട് പരേഡുകളും ഇക്കൊല്ലം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പുണ്ട്. ഗാസയോടും, പാലസ്തീനോടും ഏറ്റവും അടുത്തു കിടക്കുന്ന രാഷ്ട്രമായതിനാല്‍ തങ്ങള്‍ക്ക് ഇക്കൊല്ലം സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയില്ലെന്നു അമ്മാനിലെ കാത്തലിക് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ്‌ മീഡിയയുടെ ഡയറക്ടറായ ഫാ. റിഫാത്ത് ബാദര്‍ ‘ഒ.എസ്.വി ന്യൂസ്’നോട് പറഞ്ഞു. ക്രിസ്തുമസിന്റെ ബാഹ്യമായ എല്ലാ ആഘോഷങ്ങളും ഞങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്റെ ആത്മീയ അര്‍ത്ഥത്തില്‍ ശ്രദ്ധവെച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും ഫാ. റിഫാത്ത് കൂട്ടിച്ചേര്‍ത്തു.

ഗാസ ജനതയോടുള്ള ഐക്യദാര്‍ഢ്യമാണിത്. ദേവാലയങ്ങളിലെ വിശ്വാസപരമായ ചടങ്ങുകളില്‍ മാത്രമാണ് ഇക്കൊല്ലം തങ്ങള്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് ഫാ. റിഫാത്ത് പറഞ്ഞു. ഈജിപ്ഷ്യന്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ഗാസയിലെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ സേവനം ചെയ്തുവരുന്ന രണ്ട് ജോര്‍ദ്ദാനിയന്‍ കന്യാസ്ത്രീമാരില്‍ ഒരാള്‍ ഡൊമിനിക്കന്‍ സമൂഹാംഗമായ തന്റെ ബന്ധുവാണെന്നും അവരില്‍ നിന്നും ഗാസയിലെ കാര്യങ്ങള്‍ താന്‍ അറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഹയ്യ്‌ സെയിട്ടൂണ ജില്ലയിലെ മുഴുവന്‍ ക്രൈസ്തവരും ലാറ്റിന്‍ കത്തോലിക്ക ദേവാലയത്തിലും, ഓര്‍ത്തഡോക്സ് ദേവാലയത്തിലും പോകുവാന്‍ പൊതുതീരുമാനമെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെന്റ്‌ പോര്‍ഫിരിയൂസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നിരവധി ക്രൈസ്തവരാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 13ന് ഇസ്രായേലി സേന നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും ചുരുങ്ങിയത് മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഉണ്ടായിരുന്നവരും ലത്തീന്‍ കത്തോലിക്കാ ദേവാലയത്തില്‍ എത്തിയതോടെ ഹോളിഫാമിലി ദേവാലയത്തില്‍ എഴുനൂറോളം പേരാണ് ആദിമ ക്രൈസ്തവസമൂഹത്തേപ്പോലെ പരസ്പരം സഹായിച്ചു കഴിഞ്ഞുവരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments