ലണ്ടന്‍: ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് നിശബ്ദമായി പ്രാർത്ഥിച്ചതിന് ക്രൈസ്തവ വിശ്വാസിയായ മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനു മേല്‍ കോടതി പിഴ ചുമത്തി. ബോൺമൗത്തിലെ ഭ്രൂണഹത്യ ക്ലിനിക്കിനു സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിനാണ് ആദം സ്മിത്ത് എന്ന വ്യക്തിയ്ക്കു ബോൺമൗത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം $12,000 പിഴ ചുമത്തിയത്.
ഭ്രൂണഹത്യ ക്ലിനിക്കുകളിലേക്ക് എത്തുന്ന സ്ത്രീകളെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനു വേണ്ടി പ്രോലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടലുകള്‍ തടയുന്നതിനായി പ്രാദേശിക ഭരണകൂടം രൂപം നൽകിയ ബഫർ സോൺ ഉത്തരവ് 2022 ഒക്ടോബർ 13നു മേഖലയില്‍ പ്രാബല്യത്തിൽ വന്നിരുന്നു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട തൻ്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2022 നവംബറിൽ തെക്കുപടിഞ്ഞാറൻ ഇംഗ്ലീഷ് കൗണ്ടി ഡോർസെറ്റിലെ ബോൺമൗത്തിലെ ബ്രിട്ടീഷ് പ്രെഗ്നൻസി സെന്ററിന് സമീപം സ്മിത്ത്-കോണർ എത്തിയത്. ഇവിടെവെച്ചായിരിന്നു ഇദ്ദേഹത്തിന്റെ കുഞ്ഞ് ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ടത്. ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാര്‍ത്ഥിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് ആദ്യം പിഴ ചുമത്തിയിരിന്നു.
ക്ലിനിക്കിന് പുറത്ത് പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ തന്നോടു കോടതി കാണിക്കുന്നത് അനീതിയാണെന്ന് ആദം സ്മിത്ത് പറയുന്നു. തൻ്റെ സ്വന്തം മനസ്സിൻ്റെ സ്വകാര്യതയിൽ ദൈവത്തോട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും എന്നിട്ടും താന്‍ ഒരു കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബഫർ സോണുകളുടെ പരിധിയില്‍ നിന്നു പ്രാർത്ഥിക്കുന്നതും, നോട്ടീസുകൾ വിതരണം ചെയ്യുന്നതും, പ്ലക്കാർഡുകൾ പിടിക്കുന്നതും നിയമവിരുദ്ധമായാണ് ഭരണകൂടം നോക്കികാണുന്നത്.
പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ ഉത്തരവ് പ്രകാരം മേഖലയില്‍ വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും, കുരിശ് വരയ്ക്കുന്നതും നിരോധനത്തിന് കീഴിൽ വരുന്നതാണ്. ഭ്രൂണഹത്യയ്ക്കെതിരെയുള്ള ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂട നടപടിയ്ക്കെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭാനേതൃത്വം നേരത്തെ രംഗത്തുവന്നിരിന്നു.