ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ അന്‍പതിലധികം ക്രിസ്ത്യൻ വീടുകളും കത്തോലിക്കാ സ്കൂളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Christian homes and a Catholic school were destroyed in Gaza
ക്രൈസ്തവര്‍ ഉള്‍പ്പെടെ 1,250 വിദ്യാർത്ഥികളുണ്ടായിരുന്ന റോസറി സിസ്റ്റേഴ്‌സ് സ്‌കൂള്‍ ആക്രമണത്തില്‍ തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. നവംബർ ആദ്യവാരത്തിലാണ് സ്കൂളിന് നേരെ ആക്രമണം ഉണ്ടായതെന്നു റോസറി സിസ്റ്റേഴ്‌സ് സ്കൂള്‍ പ്രിൻസിപ്പൽ സിസ്റ്റർ നബീല സാലിഹ് എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോട് (എസിഎൻ) പറഞ്ഞു.
യുദ്ധത്തിനു മുന്‍പ് സന്യാസിനികള്‍ സ്കൂളിൽ നിന്ന് പലായനം ചെയ്തു ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിൽ അഭയം തേടിയിരിന്നു. ചില വിദ്യാർത്ഥികൾ തങ്ങളോടൊപ്പമുണ്ടെന്നും തങ്ങൾക്ക് അറിയാവുന്നിടത്തോളം ആരും കൊല്ലപ്പെട്ടിട്ടില്ലായെന്നും സിസ്റ്റർ സാലിഹ് പറഞ്ഞു.
ഓർത്തഡോക്‌സ് കൾച്ചറൽ സെന്ററിനും ഗാസയിലെ സെന്റ് തോമസ് അക്വിനാസ് സെന്ററിനും കേടുപാടുകൾ സംഭവിച്ചതായി എസിഎന്‍ വെളിപ്പെടുത്തി. സംഘർഷത്തിന്റെ മൂന്നാഴ്ചയ്ക്കിടെ ഗാസയിൽ പള്ളികളും പള്ളികളും ഉൾപ്പെടെ 19 ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടതായി ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിവരിച്ചിരിന്നു.
അതേസമയം ഗാസയിലെ ക്രൈസ്തവര്‍ ഹോളി ഫാമിലി ചർച്ചിലും സെന്റ് പോർഫിറിയസ് ഓർത്തഡോക്സ് ദേവാലയത്തിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്.