പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, ഡിസിഎംഎസ് സപ്‌തതി വർഷം എന്നിവയോട് അനുബന്ധിച്ച് രാമപുരത്ത് 17ന് നടത്തുന്ന ദേശീയ സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. Christian Conference in pala
രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനപള്ളി പാരിഷ്ഹാളിൽ രാവിലെ ഒൻപതിനാണ് സിമ്പോസിയം നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളി മൈതാനിയിലാണ് ക്രൈസ്‌തവ മഹാസമ്മേളനം. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
കെസിബിസി എസ്‌സി, എസ്‌ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത പ്രസിഡൻ്റ് ഡോ. സിജോ ജേക്കബ്, പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഡിസിഎംഎസ് പാലാ രൂപത പ്രസിഡൻ്റ് ബിനോയി ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ സിമ്പോസിയത്തിന്റെ മോഡറേറ്ററായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മോൺ. സെബാസ്റ്റ്യന് വേത്താനത്ത് ആമുഖസന്ദേശം നൽകും. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായിരിക്കും.
കെസിബിസി എസി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ എന്നിവർ അനുഗ്രഹപ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശവും നൽകും.