തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനുള്ള ബസിൽ മന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങൾ പതിക്കേണ്ടെന്ന് തീരുമാനം. ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങൾ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമർശനങ്ങള്‍ മന്ത്രിമാർ തന്നെ ഉയർത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ബസിൽ ചിത്രങ്ങൾ പതിക്കണമെന്ന വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ ചില മന്ത്രിമാർ എതിർപ്പുയർത്തി.
Chief Minister said that pictures will be avoided in the Navakerala bus
മന്ത്രിമാരുടെ ചിത്രങ്ങൾ ബസിൽ പതിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു യോഗത്തിൽ വ്യക്തമാക്കി. ഇതോടെ ചിത്രങ്ങൾ പതിക്കുന്നതിനോടുള്ള വിയോജിപ്പ് കൂടുതൽ മന്ത്രമാർ അറിയിച്ചു. ”നാടകവണ്ടിയാണെന്ന് തോന്നിപ്പോകും” എന്ന ഒരു മന്ത്രിയുടെ കമന്റും ചിരിപടര്‍ത്തിയതായും റിപ്പോർട്ട്.
മോട്ടോർ വാഹന നിയമപ്രകാരം ബസിൽ ഇങ്ങനെ ചിത്രങ്ങൾ പതിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഗതാഗതമന്ത്രി യോഗത്തിൽ ശ്രദ്ധയിൽപ്പെടുത്തി. എല്ലാവരുടെയും അഭിപ്രായം അങ്ങനെയാണെങ്കിൽ ബസിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചു.
ബസിൽ ശൗചാലയമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. മന്ത്രിമാരുടെ യാത്ര ഈ ബസിലായിരിക്കും. അതുകൊണ്ടുതന്നെ മണ്ഡലത്തിലേക്ക് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ കൊണ്ടുവരേണ്ടെന്ന നിർദേശം നൽകി കഴിഞ്ഞു.
നവംബർ 18 മുതൽ ഡിസംബർ 24വരെയാണ് നവകേരള സദസ് നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ആഡംബര സൗകര്യങ്ങളുള്ള ബസിനായി 1.05 കോടി രൂപയാണ് ചെലവിടുന്നത്. ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് അനുവദിച്ചിരിക്കുന്നത്.