തിരുവല്ല : സ്വന്തമായൊരു സൈക്കിൾ വേണമെന്ന ആബിദിന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ചാണ്ടി ഉമ്മൻ എംഎൽഎ. തിരുവല്ല എസ്‌സിഎസ് ഹൈസ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ ആബിദ് ജുബിൻ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മനെ ഫോണിൽ ബന്ധപ്പെട്ട്, കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചതോടെ പുതുപ്പള്ളിയിലേക്ക് വന്നോളൂവെന്നു ചാണ്ടി പറഞ്ഞു.
ശാരീരിക വെല്ലുവിളി നേരിടുന്ന മുത്തച്ഛൻ ജോർജിനൊപ്പം അദ്ദേഹത്തിന്റെ മുച്ചക്ര സ്കൂട്ടറിൽ ഇരുവരും പുതുപ്പള്ളിയിലെത്തി എംഎൽഎയെ കണ്ടു. ഇതിനിടെയാണ് സൈക്കിൾ വേണമെന്ന ആഗ്രഹം ആബിദ് പറയുന്നത്. എംഎൽഎ ഇക്കാര്യം യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമ്മനെ അറിയിച്ചു. അദ്ദേഹം ഇന്നലെ ആബിദിനായി സൈക്കിൾ വാങ്ങി. പരുമല പള്ളി പെരുന്നാളിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മൻ പോകും വഴി തിരുവല്ലയിൽ സൈക്കിൾ കൈമാറി. കുറ്റപ്പുഴ സ്വദേശിയാണ് ആബിദ് ജുബിൻ.