തിരുവനന്തപുരം:പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചുമതല നല്‍കാതെ അവഗണിച്ചെന്ന വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ രംഗത്ത് വന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമായിരിക്കുകയാണ്. നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതോടെ ചാണ്ടിയെ പിന്തുണക്കാന്‍ അധികമാരും തയ്യാറായിരുന്നില്ല.എന്നാല്‍ ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസില്‍ ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്.Chandi Oommen criticized for not giving the task in the Palakkad assembly by-election
ഉപതിരഞ്ഞെടുപ്പിൽ താനൊഴികെ എല്ലാവർക്കും ചുമതലകൾ നൽകിയെന്ന് ചാണ്ടി ഉമ്മൻ തുറന്നടിച്ചിരുന്നു. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഉപതിരഞ്ഞെടുപ്പിന് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷെ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ല. കെപിസിസി പ്രസിഡന്റ് വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ തിരക്കി. ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയൂ.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരണമെന്നും ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മികച്ച പ്രവർത്തനം നടത്തിയിരുന്നുവെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകണമെന്നുമാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവശ്യപ്പെട്ടത്. ചാണ്ടി ഉമ്മന്റെ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
അതേസമയം വിഷയത്തില്‍ ചാണ്ടിയെ അനുകൂലിച്ചു സംസാരിച്ച കെ.പി.സി.സി. അംഗം അഡ്വ. ജെ.എസ്. അഖിലിനെ മാധ്യമ പാനലില്‍ നിന്നും പുറത്താക്കി. അതിവേഗം നടപടി എടുത്തതിലൂടെ നേതൃത്വം നല്‍കുന്നത് നേതൃത്വത്തിന് എതിരായ വിമര്‍ശനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് തന്നെയാണ്.
ചാനലിലെ ചര്‍ച്ചയില്‍ ചാണ്ടി ഉമ്മനെ പിന്തുണച്ച് പങ്കെടുത്തതിന്റെ പേരിലാണ് അഖിലിനെതിരെ നടപടി എന്നാണ് വിവരം. കെ.പി.സി.സി. മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് വിശദീകരണം. ചാണ്ടി ഉമ്മന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു മാധ്യമ വിഭാഗത്തിന്റെ തീരുമാനം. ജെ.എസ്. അഖിലിനോട് വിശദീകരണം തേടുമെന്നാണ് വിവരം.
അഖിലിനെ കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെ.പി.സി.സി. വക്താക്കളുടെ ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കിയത്. കോണ്‍ഗ്രസ് മാധ്യമ വക്താവ് സ്ഥാനത്തുനിന്ന് ജെ.എസ്. അഖിലിനെ നീക്കിയിട്ടുമുണ്ട്.
വിഡി സതീശനെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം അതൃപ്തിയിലാണെന്ന വിലയിരുത്തലാണ് മുതിര്‍ന്ന നേതാക്കള്‍ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഷാഫി പറമ്ബിലിനാണ് ഗ്രൂപ്പില്‍ ഇപ്പോള്‍ മേല്‍ക്കൈ. ഇതിനെതിരെയാണ് ചാണ്ടിയുടെ രംഗപ്രവേശനമെന്നും വിലയിരുത്തലുണ്ട്.
അതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിന്നുളള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മന്‍ എംഎല്‍എ പങ്ക് വെച്ചു. പിതാവ് മാത്രമാണ് തന്റെ ഒപ്പമെന്ന ധ്വനിയിലാണ് കല്ലറയിലെ ചിത്രം അദ്ദേഹം പങ്കുവെച്ചത്. അതേസമയം ചാണ്ടി ഉമ്മനെ പാര്‍ട്ടി അവഗണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മന്‍ എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്‌നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍. ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണം. എ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചാ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോകണമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്റെ പ്രസ്താവന വിവാദമായതോട ചാണ്ടി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. താന്‍ പറഞ്ഞ ചെറിയ വിഷമത്തെ ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത ഒരു ലഹള ഉണ്ടാക്കിയെടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ എന്തെങ്കിലും പറഞ്ഞതിന്റെ അറ്റം പിടിച്ച്, പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. ചില വിഷമങ്ങള്‍ ചിലര്‍ക്കുണ്ടാകില്ലേ. അതിനെ പര്‍വതീകരിച്ച് ഞാന്‍ എന്തോ വലിയ നിലപാട് എടുത്തു എന്ന തരത്തില്‍ പറയുന്നത് ശരിയാണോ? പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് പറയുന്നത് ശരിയാണോ? ചുമതല ഇല്ലായിരുന്നതുകൊണ്ട് പാര്‍ട്ടി പറയുന്നത് കൊണ്ട് മാത്രം പോകണം എന്ന് തീരുമാനിച്ചു. അതാണ് ഞാന്‍ പറഞ്ഞത്. മാധ്യമങ്ങളാണ് ഊതിപ്പെരുപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് കൊണ്ടു പോയത്.
ഞാന്‍ പാര്‍ട്ടിക്കെതിരേയോ പ്രതിപക്ഷ നേതാവിനെതിരേയോ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യത്തില്‍ പറഞ്ഞതാണ്. വ്യക്തിപരമായോ പാര്‍ട്ടിക്കെതിരേയോ അല്ലപറഞ്ഞത്. ഒരു ചോദ്യം വന്നപ്പോള്‍ അതിന് മറുപടി പറഞ്ഞതാണ്.
പാലക്കാട് പോയില്ല, പാലക്കാട് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു, രാഹുലിനെതിരാണ്… ഇതില്‍ ഒരു സത്യവുമല്ല. ഇതിനുള്ള മറുപടി കൃത്യമായി നല്‍കിയിട്ടുണ്ട്’- ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ ഒരു ചെറിയ വിഷമം പറഞ്ഞതിനെ ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത ഒരു ലഹള ഉണ്ടാക്കിയെടുക്കരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്; അതെല്ലാം വ്യാജ ഐഡികളാണെന്നും തനിക്കെതിരേയുള്ള സ്ഥിരം കലാപരിപാടികളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോട് വിരോധമുള്ളതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ പറയുന്നതെന്നും അവര്‍ കോണ്‍ഗ്രസുകാരല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് മിന്നുന്ന വിജയം നേടിയ സാഹചര്യം മനസിലാക്കി പാർട്ടിക്ക് ദോഷകരമായതൊന്നും ചെയ്യരുതെന്നും അച്ചടക്ക ലംഘനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടി എടുക്കേണ്ടി വരുമെന്നും പാർട്ടി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.ചാണ്ടിഉമ്മന്റെ അതൃപ്തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു.