കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും.CBI is ready to investigate the death of Naveen Babu if the court asks
സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 12 ന് പരിഗണിക്കാനായി മാറ്റി.