കോട്ടയം: സത്യം സംസാരിക്കുകായും നീതിയോടെ ഇടപെടുകയും തെറ്റുണ്ടായാൽ തിരുത്താൻ മനസ്സുകാട്ടുകയുംചെയ്ത മനുഷ്യസ്നേഹിയായിരുന്നു കാനം രാജേന്ദ്രനെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വൃക്തമാക്കി.
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ബസേലിയസ് കോളേജിൽ നടന്ന ‘കനലോർമ്മ കാനം സ്നേഹസായന്തനം’ എന്ന ഒത്തുചേരലിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ. ജീവിതത്തിൽ തെറ്റുണ്ടായാൽ തിരുത്താനുള്ള ആർജ്ജവംകാട്ടിയ തുറന്നു സംസാരിക്കുന്ന മനുഷ്യനായതുകൊണ്ട് തന്റെ സഹപാഠിക്ക് രാഷ്ട്രീയജീവിതത്തിൽ ഉന്നതസ്ഥാനത്ത് എത്താൻ കഴിഞ്ഞതെന്ന് വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിലെ പഠനകാലത്ത് കിലോമീറ്ററുകൾ കാൽനടയായുള്ള ഒന്നിച്ചുള്ള യാത്രകളും കുസൃതികളും അനുസ്മരിച്ചുകൊണ്ട് കാതോലിക്കാ ബാവ പറഞ്ഞു.
ചടങ്ങിൽ മന്ത്രി ജി ആർ അനിൽ, രമേശ് ചെന്നിത്തല, വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ സി ജോസഫ്,അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണകുറുപ്പ്, കേരളാ കോൺഗ്രസ്സ് (ജെ)നേതാവ് പി സി തോമസ്, അഡ്വ കെ സുരേഷ് കുറുപ്പ്, ചലച്ചിത്ര സംവിധായകൻ വിനയൻ, ഗായിക പി കെ മേദിനി, ലതികാ സുഭാഷ്, അഡ്വ വി ബി ബിനു, കുര്യൻ കെ തോമസ് എന്നിവർ സംസാരിച്ചു.
ആന്റോ ആന്റണി എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി കെ ആശ, മുൻ എംഎൽഎമാർ അഡ്വ കെ സുരേഷ് കുറുപ്പ്, ജോസഫ് എം പുതുശ്ശേരി, ജോസഫ് വാഴക്കൻ, കെ അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, ജോസ് പനച്ചിപ്പുറം, രവി ഡിസി, ജോയ് തോമസ്, ചിത്രാ കൃഷ്ണൻകുട്ടി, പ്രസന്നൻ ആനിക്കാട്, ഡോ മ്യൂസ്മേരി ജോർജ്, അടക്കം രാഷ്ട്രീയ, സാമൂഹിക, കലാസാംസ്കാരിക മേഖലകളിലെ നൂറോളം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോട്ടയം പൗരാവലിയുടെ സ്മരണോപഹാരം കാതോലിക്കാ ബാവ കാനം രാജേന്ദ്രന്റെ പത്നി വനജാ രാജേന്ദ്രന് കൈമാറി.
ഡോ താരാ കുര്യനും കെ വി ടാൻസണും അവതാരകരായിരുന്ന കൂട്ടായ്മയെ ഗായിക പി കെ മേദിനിയുടെയും ഫാ എം പി ജോർജിന്റെയും സൗപർണ്ണികാ ടാൻസന്റെയും ഗാനാർച്ചനയും ഡോ .വി എൽ ജയപ്രകാശിന്റെ വയലിൻ സോളോയും ചടങ്ങിനെ ഹൃദ്യമാക്കി.