മെഗാ ത്രിഡി ചിത്രമായ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൻ്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ ഹർജി. ജർമ്മനിയിൽ താമസക്കാരനായ പ്രവാസി ഇന്ത്യക്കാരനായ ജോർജ് തുണ്ടിപ്പറമ്പിൽ ആണ് ബറോസ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
‘മായ’ എന്ന തൻ്റെ നോവലിന്റെ പകർപ്പവകാശ ലംഘനമാണ് ‘ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’ എന്ന സിനിമ എന്നാണ് ജോർജി തുണ്ടിപ്പറമ്പിൽ ആരോപിച്ചിട്ടുള്ളത്. സിനിമയുടെ സംവിധായകനും നടനുമായ മോഹൻലാൽ, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാർ, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ എന്നിവർക്കെതിരെ ജോർജ് കേസ് കൊടുത്തിട്ടുണ്ട്.
2024 ജൂലൈയിൽ പകർപ്പവകാശ പ്രശ്‌നം പരിഹരിക്കണമെന്നും പ്രശ്നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’ റിലീസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ട് ജോർജ് തുണ്ടിപ്പറമ്പിൽ, മോഹൻലാൽ അടക്കം നാലുപേർക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു.
2024 ഓഗസ്റ്റ് 11-ന് നൽകിയ, വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ പകർപ്പവകാശ ലംഘനം പൂർണമായും നിഷേധിച്ചിരുന്നു. എന്നാൽ ബറോസ് സിനിമ തന്റെ കൃതിയുടെ തനിപ്പകർപ്പാെണന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന ആരോപണം . ‘ബറോസ്, ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’ മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്.