തിരുവനന്തപുരം: ഹണിട്രാപ്പില്‍ പൊലീസുകാരെ ഉള്‍പ്പെടെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിന് എതിരെ വീണ്ടും കേസ്. അശ്വതി , സുഹൃത്തായ പൊലീസുകാരൻ രാജേഷ് എന്നിവർക്കെതിരെയാണ് പുനലൂർ സ്വദേശിയായ ബിസിനസുകാരൻ സതീശന്റെ പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് കേസ് എടുത്തത്.case against aswathy achu
അതേസമയം സതീശനെതിരേ ഈ വർഷം ആദ്യം അശ്വതി മെഡിക്കൽ കോളേജ് പോലീസിൽ നൽകിയ പരാതിയിലും കേസെടുത്തിരുന്നു. ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അശ്വതിയുടെ പരാതി. ഈ കേസിൽ സതീശൻ മുൻകൂർ ജാമ്യവും എടുത്തിരുന്നു.
അശ്വതിയുടെ പതിവ് സ്‌റ്റൈലിലാണ് ബിസിനസുകാരനെയും ഹണിട്രാപ്പില്‍ കുടുക്കിയത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി അടുപ്പമുണ്ടാക്കിയ ശേഷം വാടകയ്ക്കു താമസിക്കാന്‍ ഫ്ലാറ്റ് തരപ്പെടുത്തി നല്‍കണമെന്ന് പുനലൂര്‍ സ്വദേശിയോട് ആവശ്യപ്പെടുകയായിരുന്നു. അശ്വതിയെ വിശ്വാസത്തിലെടുത്ത ഇയാള്‍ അശ്വതിയെയും കൂട്ടി സുഹൃത്തിന്റെ കുമാരപുരത്തുള്ള ഫ്ലാറ്റ് കാണിക്കാന്‍ എത്തി. ഈ സമയം ബിസിനസ്സുകാരനോട് മനഃപൂര്‍വം അടുപ്പം കാട്ടുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.
ഫ്ളാറ്റില്‍ നിന്നും കാറില്‍ കയറി മടങ്ങിപ്പോകും വഴി അശ്വതി ഇയാളോടു രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ താനുമൊത്തുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ ബിസിനസുകാരന്‍ ഭയന്നു പോയി. ഇയാള്‍ കൈവശമുണ്ടായിരുന്ന 25,000 രൂപ നല്‍കി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. പണം കിട്ടാതായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനായ രാജേഷിനെ കൊണ്ട് ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പരാതി നല്‍കിയത്.
എന്നാൽ രാജേഷ് എന്നയാൾ വിളിച്ച ഫോൺ നമ്പർ അശ്വതിയുടെ പേരിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. അശ്വതിയുടെ പരാതിക്കെതിരായ ആരോപണമായതിനാൽ വിശദമായ അന്വേഷണത്തിനു ശേഷമേ അറസ്റ്റടക്കമുള്ള തുടർ നടപടികളുണ്ടാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി പൂവാർ സ്വദേശിയിൽനിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിൽ അശ്വതിയെ നേരത്തെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.