ചങ്ങനാശേരി: കർദ്ദിനാളായി നിയമിതനായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോൺ. ജോർജ് കൂവക്കാട്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലും ഹൃദ്യമായ സ്വീകരണം.Cardinal-designate Mon. George Koovakkat arrived in Kerala
വത്തിക്കാൻ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സീറോമലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിൽ സ്വീകരണം നല്‍കിയത്.
ചങ്ങനാശേരി അതിരൂപതയിലെയും എറണാകുളം – അങ്കമാലി അതിരൂപതയിലെയും വൈദികരും നൂറുകണക്കിന് വിശ്വാസികളും നിയുക്ത കർദിനാളിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം നാലിന് മെത്രാപ്പോലീത്തൻ പള്ളിയുടെ പ്രധാന കവാടത്തിൽ എത്തിച്ചേർന്ന നിയുക്ത കർദ്ദിനാളിനെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ എന്നിവർ ചേർന്ന് ബൊക്കെ നൽകി വരവേറ്റു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ മെത്രാപ്പോലീത്തൻ പള്ളിയുടെ പ്രധാന കവാടത്തിലെത്തിയ നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ടിനെ മെത്രാപ്പോലീത്തൻ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു.