കണ്ണൂർ: കല്യാണ ആഘോഷയാത്രയ്‌ക്കിടെ വാഹനങ്ങളില്‍ അപകടമുണ്ടാക്കും വിധം സുരക്ഷിതമല്ലാതെ യാത്ര ചെയ്തതതിന് 18 യുവാക്കള്‍ക്കെതിരെ കേസെടുത്തു.adventurous travel during wedding ; case against 18 youths
കണ്ണൂർ ചൊക്‌ളി പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ എസ് രഞ്ജുവാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ ആറ് പേരുടെ ലെെസൻസ് റദ്ദ് ചെയ്യും.
വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ കയറിനിന്നും ഡിക്കിയില്‍ ഇരുന്നും യാത്ര ചെയ്തവരെ ആണ് പിടികൂടിയത്. ഒളവിലം മത്തിപ്പറമ്ബില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ജൂലായ് 24ന് വെെകിട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്ബ്രത്തെ കുഞ്ഞിപ്പറമ്ബത്ത് എം കെ മുഹമ്മദ് ഷബിൻ ഷാൻ (19), ആലോള്ളതില്‍ എ മുഹമ്മദ് സിനാർ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീൻ (19), പോക്കറാട്ടില്‍ ലിഹാൻ മുനീർ (20), കാര്യാട്ട് മീത്തല്‍ പി മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ കെ മുഹമ്മദ് അർഷാദ് (19) തുടങ്ങിയവർക്കെതിരെയാണ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14വരെ ഹർജി പരിഗണിക്കില്ലെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.