പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലായിരുന്നു. എന്നാൽ നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. by-election result
രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നഗരസഭയിലെ ഭൂരിപക്ഷം കുറവ് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം റൌണ്ടില്‍ 1000 ഓളം വോട്ടില്‍ അപ്രതീക്ഷിത മുന്നേറ്റത്തിലാണ്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ, പാലക്കാട് മണ്ഡലത്തിൽ ആദ്യറൌണ്ടിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അരലക്ഷം ഭൂരിപക്ഷം പിന്നിട്ടു. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് മുന്നേറുന്നു.
ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുകയാണ്. ഇവിടെ വോട്ട് വർധിപ്പിക്കാനായാൽ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഉറപ്പിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2,636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.