കണ്ണൂർ: എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ്റെ ഒപ്പിൽ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്.Bribery complaint against ADM Naveen Babu is suspected to be false
പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.
നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറിൽ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നാണ് രേഖപ്പെടുത്തിയത്. പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് ഇന്നലെ പള്ളി വികാരി ഫാദർ പോൾ എടത്തിനകത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതോടെ പേരും ഒപ്പും സംബന്ധിച്ച വ്യത്യാസം വലിയ ചോദ്യചിഹ്നമായി മാറി
ശ്രീകണ്ടപുരം സ്വദേശിയും പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനുമായ പ്രശാന്തന്‍ പെട്രോള്‍ പമ്പ് നിര്‍മാണത്തിനുളള എന്‍ഒസിക്കായി നല്‍കിയ അപേക്ഷ കൈകാര്യം ചെയ്തതില്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ഭാഗത്ത് കാലതാമസമോ വീഴ്ചയോ വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ രണ്ടിന് എന്‍ഒസിക്കായി പ്രശാന്ത് അപേക്ഷ സമര്‍പ്പിക്കുമ്പോൾ നവീനായിരുന്നില്ല എഡിഎം. ഫെബ്രുവരിയില്‍ കണ്ണൂര്‍ എഡിഎം ആയി നവീന്‍ ചുമതലയേറ്റ ശേഷമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് എന്‍ഒസിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നത്. പഞ്ചായത്ത്, സപ്ലൈ ഓഫീസ്, ഫയര്‍ ഓഫീസ് തുടങ്ങി വിവിധ ഏജൻസികളില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് വന്നെങ്കിലും പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് വളവുണ്ടെന്ന പേരില്‍ ജില്ലാ പൊലീസ് മേധാവി എന്‍ഒസി നല്‍കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട് . ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു . ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത് സെപ്റ്റംബർ 30 നാണ്. ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകുകയും ചെയ്തു. .
അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.