മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ആര്ബിഐക്ക് ലഭിച്ച ഇമെയിൽ. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. Bomb threat to Reserve Bank
റഷ്യൻ ഭാഷയിൽ എഴുതിയ സന്ദേശത്തിൽ ‘നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും’ എന്ന് എഴുതിയിരുന്നു. ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്‌ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയിൽ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.
ആറ് വർഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ വന്നത്. റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര. രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൽഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ആണ് ആർബിഐയുടെ ഗവർണർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് ഫോണ്‍ കോൾ എത്തിയത്.
“ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ” എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം ഉടൻ തന്നെ ആർബിഐ ഉദ്യോഗസ്ഥർ മുംബൈ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.എന്നാൽ, അന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.