തിരുവനന്തപുരം: എൽഡിഎഫിൻറെയും യുഡിഎഫിൻറെയും പലസ്തീൻ ഐക്യദാർഡ്യറാലിക്ക് ബദലായി ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’കളുമായി ബിജെപി. സംസ്ഥാനത്ത് നാലിടത്ത് റാലി നടത്താണ് ബിജെപി തീരുമാനം.
പശ്ചിമേഷ്യ കത്തുമ്പോൾ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പലസ്തീന് ഐക്യദാർഡ്യമർപ്പിക്കാൻ മത്സരിക്കുമ്പോഴാണ് ഹമാസിന്‍റെ അക്രമണമാണ് എല്ലാറ്റിനും കാരണമെന്ന് ആരോപിച്ച് ബിജെപി റാലിയുമായി രംഗത്തെത്തുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിൽ കേരളത്തിലെ മുസ്ലീങ്ങൾക്കെന്നപോലെ കൃസ്ത്യൻ വിഭാഗങ്ങൾക്കും ഉള്ള ആശങ്ക അനുകൂലമാക്കുകയാണ് ഇതിലൂടെ ബിജെപിയുടെ ലക്ഷ്യം. ഹമാസിനെതിരെ കടുപ്പിക്കുന്നതിനൊപ്പം യുഡിഎഫും എൽഡിഎഫും തീവ്രവാദികൾക്കൊപ്പമാണെന്ന് കൂടി പറഞ്ഞാണ് പ്രചാരണം. ഹമാസിനെ തള്ളിപ്പറഞ്ഞ തരൂരിനെതിരായ കോൺഗ്രസ് വിമർശനം അടക്കം റാലിയില്‍ എടുത്തുപറയാനാണ് നീക്കം.
പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് റാലിയും സംഗമവും. കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന പരിപാടികളിലേക്ക് കൃസ്ത്യൻ സഭാ പ്രതിനിധികളെ കൂടി എത്തിക്കാനാണ് ശ്രമം. മണിപ്പൂർ കലാപത്തിൽ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ കനൽ തീവ്രവാദ വിരുദ്ധറാലി വഴി അണക്കാനാകുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍.