പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തിയ കേസില്‍ ബിഗ്ബോസ് ജേതാവും ബിജെപി അനുഭാവിയുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍. മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങള്‍ ഒരുക്കിയ കെണിയിലാണ് പ്രതികള്‍ കുടുങ്ങിയത്.
എല്‍വിഷിനൊപ്പം നാലുപേര്‍ കൂടി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഇന്നലെ നോയിഡയില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഘം പിടിയിലായത്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി.
എല്‍വിഷാണ് സംഘത്തിന് പാമ്പിന്‍വിഷം എത്തിച്ച് നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടി നടത്തി അറസ്റ്റിലായ എല്‍വിഷിന്റെയും സംഘത്തിന്റെയും കയ്യില്‍ നിന്ന് ഒന്‍പത് പാമ്പുകളെ രക്ഷപ്പെടുത്തി.
നോയിഡയുടെ പലഭാഗങ്ങളിലും പാമ്പുകളെയും അവയുടെ വിഷവും ഉപയോഗിച്ച് ലൈവ് വിഡിയോകള്‍ ചെയ്യാറുണ്ടെന്നും, നിയമവിരുദ്ധമായ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും പരാതിക്കാരനായ ഗൗരവ് ഗുപ്ത വെളിപ്പെടുത്തി.