ന്യൂഡല്‍ഹി/ ധാക്ക: വിദ്യാര്‍ത്ഥി പ്രക്‌ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് കടന്ന മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്.
ഔദ്യോഗികമായി നയതന്ത്രതലത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 16 വര്‍ഷം നീണ്ട ഭരണത്തിനൊടുവിലാണ് ഷേയ്ഖ് സഹീന ഓഗസ്റ്റില്‍ രാജ്യം വിട്ടത്.
ഇന്ത്യയിലെത്തിയ അവര്‍ ഇവിടെ നിന്ന് ബ്രിട്ടനിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നതെങ്കിലും ന്യൂഡല്‍ഹിയില്‍ തുടരുകയാണ്. അതേസമയം കനത്ത സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിക്ക് ഒരുക്കിയിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.