ന്യൂഡല്‍ഹി: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്. അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ചാണ് വധശ്രമം. Assassination attempt on former Punjab Deputy Chief Minister
സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിൽ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീര്‍ സിങിന്‍റെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. സുവര്‍ണ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ, അക്രമിയെ ഉടൻ തന്നെ സുഖ്ബീര്‍ സിങിന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തുകയായിരുന്നു.
പ്രവേശന കവാടത്തിന്‍റെ ചുവരിലാണ് വെടിയുണ്ടകള്‍ ചെന്നു പതിച്ചതെന്നും ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീര്‍ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാരണയണ്‍ സിങ് എന്നായാളാണ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
ആക്രമണം നടത്തിയ നാരായണ്‍ സിങിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ബബർ ഖൽസ എന്ന സംഘടനയുടെ അംഗമാണ് അക്രമിയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.