ഇടുക്കി : അരുവികുത്ത് വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ എന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെയാണ് മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരുടെ മൃതദേഹങ്ങൾ അരുവികുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടെത്തിയത്.
തൊടുപുഴയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു 3 കിലോ മീറ്റർ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോൺ കരയിൽ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.
ഏറെ നേരം ഫോൺ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.
അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു 3 കിലോ മീറ്റര്‍ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ഡോണലിന്റെ മാതാവ് ലിസ്സി. സഹോദരന്‍: സോണച്ചന്‍. ജോപ്പി റെജിയാണ് മരിച്ച അക്സയുടെ അമ്മ. സഹോദരങ്ങള്‍: അസ്ന റെജി, അദീന റെജി. ഡോണലിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്സയുടേത് 50 മീറ്ററോളം മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെ കുറിച്ച് പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നും രാവിലെ പോയത്.