ന്യൂഡല്‍ഹി:2001 ലെ പാര്‍ലമെന്‍റ് ആക്രമണത്തിന്റെ വര്‍ഷിക ദിനത്തില്‍ വീണ്ടും മറ്റൊരു ആക്രമണം ഉണ്ടായതിന്റെ ഞെട്ടലിലാണ് രാജ്യം. Another security lapse on the anniversary of the Parliament attack
2001 ഡിസംബര്‍ 13-ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകരര്‍ ആക്രമണം നടത്തിയത്.
ഡിസംബര്‍ 13-ന് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അതിനു പിന്നാലെ നടന്ന ഈ ആക്രമണം അതീവ ഗൌരവതരമെന്നാണ് വിലയിരുത്തല്‍.
2001-ലെ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ സ്മൃതി മന്ദിരത്തിൽ പ്രാർഥനകളർപ്പിച്ചു കൊണ്ടായിരുന്നു ഇന്ന് സമ്മേളനം ആരംഭിച്ചത്. മൗനപ്രാർഥനകൾക്ക് ശേഷം തുടർന്ന ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചത്.
എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.
നാല് പേരാണ് സംഭവത്തിൽ കസ്റ്റഡിയിലുള്ളത്. പാർലമെൻ്റിനുള്ളിൽ പ്രതിഷേധിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ്. സാഗർ ശർമ ബെംഗളൂരു സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.
പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ച 42 വയസുള്ള നീലം ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. മറ്റൊരാൾ 25 വയസ് പ്രായമുള്ള അമോൽ ഷിൻഡെയാണ്. കസ്റ്റഡിയിൽ എടുത്ത നാല് പേരെയും ഡല്‍ഹി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പിടിയിലായവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെന്ന് വിവരം.
ഇവർ ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് പാർലമെന്റിലെ സന്ദർശക ഗാലറിയിൽ എത്തിയത്. ശൂന്യവേള ആരംഭിക്കാനിരിക്കെ പ്രതികളിൽ രണ്ട് പേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി.
പിന്നീട് ഷൂസിന് അടിയിൽ നിന്ന് പുറത്തെടുത്ത പുക വമിക്കുന്ന ആയുധം പ്രയോഗിക്കുകയായിരുന്നു.കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികൾ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളിൽ ഒരാളുടെ കൈയ്യിൽ നിന്നാണ് ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസ് കണ്ടെത്തിയത്. സർക്കാറിന്റ പ്രവർത്തനങ്ങൾ തെറ്റെന്ന് പിടിയിലായ നീലം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു സംഘടനയുമായും ബന്ധമില്ലെന്നും യുവതി പറഞ്ഞു. കർഷകരോടുള്ള നിലപാടിലും പ്രതിഷേധമുണ്ടെന്ന് നീലം പ്രതികരണത്തിൽ പറഞ്ഞു.
ഏകാധിപത്യം അനുവദിക്കില്ല എന്ന് അർത്ഥം വരുന്ന ‘താനാശാഹീ നഹീ ചലേഗീ’ എന്ന മുദ്രാവാക്യമാണ് പ്രതികൾ പാർലമെന്റിന് അകത്തും പുറത്തും മുഴക്കിയത്. പിന്നീട് വന്ദേ മാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പ്രതിയായ നീലം പൊലീസ് പിടിയിലായ ശേഷവും മുഴക്കി.
നീലത്തിനും അമോലിനും ഫോണോ തിരിച്ചറിയല്‍ രേഖയോ ഇല്ല. കയ്യില്‍ ബാഗുമില്ല, ഒരുസംഘടനയുടേയും ഭാഗമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്‍റില്‍ എത്തിയതെന്നും പിടിയിലായവര്‍ പറയുന്നു.
സംഭവത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പാർലമെന്റിന് എതിരെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിച്ചുവെന്ന് എൻകെ പ്രമേചന്ദ്രൻ ചോദിച്ചു.
ആരാണ് ഇവർക്ക് അകത്തു കടക്കാന് അനുമതി നൽകിയത്? ഉദ്യോഗസ്ഥർ എവിടെ പോയെന്ന് അധിർ രഞ്ജന് ചൗധരിയും ചോദിച്ചു.
നടന്നത് വളരെ ഗൗരവമുള്ള സംഭവമെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. രാവിലെ മുതൽ രാത്രിവരെ പാർലമെന്റിൽ കഴിയുന്ന തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രതികൾ ഉപയോഗിച്ചത് വെറും പുകയാണെന്നും, ഭയപ്പെടേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു. തീവ്രവാദ വിരുദ്ധ സേനയും പൊലീസും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്.
പാർലമെന്‍റിൽ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്.
ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്നും വിവരമുണ്ട്. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം.
അതേസമയം മകൻ ലോക്‌സഭയിൽ എം.പിമാർക്കിടയിലേക്ക് അതിക്രമിച്ച് കയറിയത് ടിവിയിലൂടെയാണ് കണ്ടതെന്ന് പ്രതിയായ മനോരഞ്ജന്‍റെ പിതാവ് ദേവരാജ് പറഞ്ഞു. അറസ്റ്റിലായ മനോരഞ്ജന്‍ മൈസൂരു വിജയനഗര സ്വദേശിയാണ്.
മനോരഞ്ജന് ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും ബംഗളൂരുവിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്നും പിതാവ് പറഞ്ഞു. ‘മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി കൊല്ലണം.
അവൻ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡൽഹി ഉൾപ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകൻ നല്ല ബുദ്ധിമാനാണ്’..ദേവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘം പാർലമെന്റ് വളപ്പിൽ തെളിവ് ശേഖരിക്കുകയാണ്.
കൂടാതെ സിആർപിഎഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ആവശ്യപ്പെട്ടു.
വിവരങ്ങൾ അംഗങ്ങൾ അറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് പറഞ്ഞ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപോയി.
അഞ്ച് ഭീകരരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ലമെന്റിലെ ഉദ്യാനപാലകനുമുള്‍പ്പടെ 15 പേരാണ് 2001 ലെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-ത്വയിബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഭീകരസംഘടനകളായിരുന്നു ആക്രമണത്തിനു പിന്നില്‍.
ഡിസംബര്‍ 13-ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകരര്‍ ആക്രമണം നടത്തിയത്.