പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പെൺകുട്ടികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
ക്ലാസിലും ഹോസ്റ്റൽ മുറിയിലും ഈ മൂവർ സംഘം ശല്യമുണ്ടാക്കിയിരുന്നുവെന്നും അമ്മുവിന് ഇവരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയത് മൂവർ സംഘം എതിർത്തിരുന്നു. സംഭവ ദിവസം ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിൻ്റെ നിഗമനം.
നവംബർ 15ന് ആണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചത്. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ വളപ്പിൽ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം.
പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മു. വൈകിട്ട് കോളേജിൽ നിന്ന് തിരികെയെത്തിയതിന് ശേഷം അമ്മുവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)