ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂര ബാലസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.
ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്.
പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി വധശിക്ഷ വിധിച്ചത്.
ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈന്റിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിലാണ് വധശിക്ഷ നൽകിയത്.
പതിനാറു വകുപ്പുകളിലാണ് അസഫാക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ഇതില്‍ ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും മൂന്നു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. ശേഷിച്ച 13 വകുപ്പുകള്‍ പ്രകാരവും കോടതി ശിക്ഷ വിധിച്ചു.
ഐപിസി 302 പ്രകാരം കൊലക്കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്.
ഐപിസി 376 ടു ജെ, ഐപിസി 377, പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ പ്രകാരം അസഫാക് ആലം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. മൊത്തം അഞ്ചു വകുപ്പുകളിലാണ് ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഐപിസി 366 എ, 364, 367, 328 എന്നിവ പ്രകാരം പത്തു വര്‍ഷം തടവ് അനുഭവിക്കണം. ഐപിസി 201 പ്രകാരം അഞ്ചു വര്‍ഷം തടവുശിക്ഷയും 297 പ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കാനും ഇതു ലഭിച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അതേസമയം അസ്ഫാക് ആലം പീഡിപ്പിച്ചത് അതിക്രൂരമായാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനകളുണ്ട്.
കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വലിയ മുറിവുകളാണ് കണ്ടെത്തിയത്. കുട്ടിയെ പ്രതി അസ്ഫാക് ആലം പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. കുട്ടി ധരിച്ചിരുന്ന ബര്‍മൂഡ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പ്രതി വകവരുത്തിയത്.
കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹത്തില്‍, ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും മുകളില്‍ അടുക്കി വച്ച ശേഷം കല്ല് പുറത്തുവയ്ക്കുകയായിരുന്നു. കുട്ടിയുടെ ഒരുകൈയും കാലും മാത്രമാണ് പുറത്തേക്ക് തള്ളി നിന്നത്. അത്രയേറെ ക്രൂരതയാണ് അഫ്‌സാക് ആലം ആ കുട്ടിയോട് ചെയ്തത്. ഇതെല്ലാം പരിഗണിച്ചാണ് പ്രതിക്ക് കോടതി വധ ശിക്ഷ വിധിച്ചത്.