ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദർശനത്തിനായി എത്തിച്ചു. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.
സിനിമയ്ക്ക് പോകാനായി കാര്‍ വാടകയ്ക്കെടുത്തതായിരുന്നു വിദ്യാര്‍ത്ഥികള്‍. കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ രാജീവ് പറഞ്ഞു.