കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് അനുമതിയുള്ള വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്താനാവില്ലെന്ന് ഹൈക്കോടതി. നിയമം ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. all india tourist permit high court
കേന്ദ്ര അനുമതിയുടെ പിന്‍ബലത്തില്‍ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് അന്തര്‍സംസ്ഥാന സര്‍വീസ് ആരംഭിച്ചിരിക്കുന്ന റോബിന്‍ ബസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഹൈക്കോടതിയുടെ പുതിയ വിധി.
കൊല്ലം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈകോടതിയുടെ നിര്‍ണായക ഉത്തരവ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി 50 ശതമാനം പിഴ ഉടന്‍തന്നെ അടയ്ക്കാനും ബാക്കി തുക കേസ് തീര്‍പ്പാകുന്ന മുറയ്ക്ക് അടക്കാനും നിര്‍ദേശിച്ചു.
നേരത്തെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്താന്‍ ചട്ടമുണ്ടെന്ന വാദമാണ് ഉയര്‍ന്നു വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസ്റ്റ് അനുമതിയോടെ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടല്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടികൂടിയിരുന്നു.
സമാന സാഹചര്യത്തില്‍ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകളും കോടതിയെ സമീപിച്ചു. ഇതിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പുഞ്ചിരി ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
സമാനമായ രീതിയില്‍ മറ്റു ബസുകള്‍ക്കും ഈ ഉത്തരവ് ബാധകമാവും. കോടതി ഉത്തരവ് വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മിറ്റ് ലംഘനത്തിനെതിരെ കൂടുതല്‍ ഫലപ്രദമായി ഇടപെടാനാകും