അമ്ബലപ്പുഴ: തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് വയലിലാണെന്നു കസ്റ്റഡിയിലുള്ളവർ നല്‍കിയിരിക്കുന്ന മൊഴി. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്പില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. alappuzha thakazhi newborn baby murder.
ഇതേത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പൂച്ചാക്കല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ സ്ഥലത്ത് പരിശോധന നടത്തും.
പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെ ആണ് കാമുകന്റെ നാടായ തകഴിയില്‍ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്ബ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് ഏഴാം തീയതി പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വച്ച് ഇരുപത്തിരണ്ടുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
യുവതിയോട് പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. ഇതോടെ ഡോക്ടറാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുത്തതോടെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പൊലീസിന് ലഭിച്ചത്.