ആഗ്ര: മദ്യംകൊടുത്ത് ഹോട്ടല്‍ ജീവനക്കാരിയെ മയക്കിയശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.
പ്രതികളുടെ കയ്യില്‍ തന്‍റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു ആക്രമണം.
മദ്യം കുടിപ്പിച്ച ശേഷം ആ ബോട്ടില്‍ കൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതി നിലവിളിക്കുന്നതും ഒരാള്‍ യുവതിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതുമാണ് വീഡിയോയിലുള്ളത്. “ദയവായി രക്ഷിക്കൂ, എനിക്ക് നാല് പെണ്‍മക്കളുണ്ട്. അവരെന്‍റെ ഫോണ്‍ എടുത്തു. എന്‍റെ വീഡിയോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നു”- എന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. യുവതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഒന്നരവര്‍ഷമായി യുവതി ഈ ഹോട്ടലില്‍ ജോലിചെയ്യുന്നുണ്ട്. പ്രതികളുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ സീല്‍ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ ബലാത്സംഗത്തിന് പുറമേ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.